മൂന്നാർ ഹർത്താൽ സംഘർഷം മാധ്യമ പ്രവർത്തകരെ തടഞ്ഞ് കൈയേറ്റ ശ്രമം.
- 21/11/2017

കൈയേറ്റങ്ങൾക്കെതിരേ റവന്യൂ, വനം വകുപ്പുകൾ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് മൂന്നാർ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ വ്യാപകമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. വാഹനങ്ങൾ തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു കൈയേറ്റ ശ്രമം.കൈയേറ്റങ്ങൾക്കെതിരേ റവന്യൂ, വനം വകുപ്പുകൾ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് മൂന്നാർ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ ഹർത്താൽ നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൈയേറ്റ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന പള്ളിവാസൽ, മൂന്നാർ, ബൈസണ്‍വാലി, ചിന്നക്കനാൽ, ശാന്തന്‍പാറ, മറയൂർ, കാന്തല്ലൂർ, വട്ടവട, വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളിലാണു ഹർത്താൽ. മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ നടപ്പാക്കുക, നിർമാണ നിരോധന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നേരത്തെ, ഹർത്താലിനെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തിയിരുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവർ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിലപാടറിയിച്ചിരുന്നു.