വിദ്യാഭ്യാസ വായ്പ: തിരിച്ചടവ് പദ്ധതി' ബാങ്ക് അട്ടിമറിക്കരുതെന്ന് പി.സി.ജോർജ്
- 31/05/2017

കോട്ടയം: ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയെ ബാങ്കുകൾ അട്ടിമറിക്കരുതെന്നു പി.സി.ജോർജ് എംഎൽഎ. എൽഡിഎഫ് ഗവണ്മെന്റിന്റെ ബജറ്റിലെ പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും ബാങ്കുകൾ ഗവണ്മെന്റിനോടും പൊതുജനങ്ങളോടും സഹകരിച്ചു ചില തിരുത്തലുകൾ നടത്താൻ തയാറാകണം. അടിസ്ഥാന തുക എന്നുള്ളതു പ്രിൻസിപ്പൽ തുകയാണ്. മാർഗരേഖയിൽ പറഞ്ഞിട്ടുള്ളതുപോലെ എസ്എൽബിസിയ്ക്കു ബാങ്കിലൂടെ നൽകുവാനുള്ള അപേക്ഷാ ഫോറം സ്വീകരിക്കുകയും എസ്എൽബിസിയുടെ അംഗീകാരം ഉറപ്പാക്കുകയും ചെയ്തതിനുശേഷം 40 ശതമാനം ഗുണഭോക്തൃവീതം ബാങ്കുകൾ സ്വീകരിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. 40 ശതമാനം പണം ഗുണഭോക്താവ് ബാങ്കിൽ അടച്ചു കഴിഞ്ഞാൽ ലോണ്ക്ലോസ് ചെയ്യുമെന്ന് ഉറപ്പുവരുത്തണം. ജോലി ലഭിക്കാത്തവരും പാവപ്പെട്ടവരുമായി ഗുണഭോക്താക്കൾ 40 ശതമാനം ഗഡുക്കളായി അടയ്ക്കുന്നതിനു ക്രമീകരണം ഉണ്ടാക്കാൻ ബാങ്കുകൾ സഹകരിച്ചാൽ ഈ സ്കീമിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ ലോണുകൾ പൂർണമായും അടച്ചുതീർക്കാൻ കഴിയും. ലോണ്‍തുക അടച്ചുതീർന്നാൽ ലോണ്‍ എടുത്തയാളിന്റെയും ഗാരന്റിയറിന്റെയും പേരുകൾ സിഐബിഐഎല്ലിൽനിന്ന് ഒഴിവാക്കണം. സെൻട്രൽ ഗവണ്മെന്റിന്റെ പലിശ സബ്സിഡി ബാങ്കുകൾക്കു നൽകുന്ന ആനുകൂല്യമല്ല മറിച്ച പാവപ്പെട്ട വിദ്യാർഥികകളെയും രക്ഷിതാക്കളെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. അതിനാൽ 40 ശതമാനം ഗുണഭോക്തൃ വിഹിതത്തിൽ ഈ പലിശയും ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.