ഫീസ് വർധന: സ്വാശ്രയ മുതലാളിമാർക്ക് 15 കോടി : ചെന്നിത്തല
- 17/05/2017

തിരുവനന്തപുരം: മെഡിക്കൽ പിജി ഫീസ് വർധനയിലൂടെ സ്വാശ്രയ മുതലാളിമാർക്ക് 15 കോടി രൂപയുടെ ലാഭമാണ് സർക്കാർ ഉണ്ടാക്കികൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്യായവും അധാർമികവുമായ ഫീസ് വർധന ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മെഡിക്കൽ പിജി ഫീസ് വർധനയുടെ കാര്യത്തിൽ സ്വാശ്രയകോളേജുകാർ ഇരിക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുകയാണ് സർക്കാർ ചെയ്തത്. ഫീസ് വർധനയ്ക്ക് എതിരേ കഴിഞ്ഞ അഞ്ചുവർഷം സമരം ചെയ്ത സിപിഎം ഇപ്പോൾ വരുത്തിയ ഫീസ് വർധന ഞെട്ടിപ്പിക്കുന്നതാണ്. അന്ന് സമരം ചെയ്ത എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ ഇപ്പോൾ കാശിക്ക് പോയോ? സാധാരണ കുടുംബത്തിൽനിന്നു വരുന്ന കുട്ടികൾക്ക് ഒരു വർഷം 14 ലക്ഷം രൂപ ചെലവഴിച്ചു പഠിക്കാൻ എങ്ങനെ കഴിയും എന്നു സർക്കാർ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.