കേസെടുക്കുന്പോൾ അനാവശ്യവകുപ്പുകൾ ചുമത്തരുത്:ഡിജിപി
- 14/01/2017

തിരുവനന്തപുരം: കേസെടുക്കുമ്പോൾ അനാവശ്യ വകുപ്പുകൾ ഉൾപ്പെടുത്തരുതെന്നു സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കു സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. വീടുകളിലോ ഓഫീസുകളിലോ അതിക്രമിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ പോലീസുദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.ആയുധം കരുതാതെയും മുൻകൂട്ടി ആസൂത്രണം ചെയ്യാതെയുമായാലും ഒരാളുടെ വീട്ടിലോ സ്ഥാപനത്തിലോ അതിക്രമിച്ചു കടക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 451-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. ജാമ്യം കിട്ടുന്നതും ഇരു കക്ഷികളും തമ്മിൽ ഒത്തുതീർപ്പാക്കാവുന്നതും പരമാവധി രണ്ടു വർഷം തടവു ശിക്ഷ ലഭിക്കാവുന്നതുമാണ് ഈ വകുപ്പ്. ഇതിനു പകരം ജാമ്യം ലഭിക്കാത്തതും കുറ്റാരോപിതന് ഒത്തുതീർപ്പിന് അവസരം ലഭിക്കാത്തതുമായ 452-ാം വകുപ്പു ചേർത്ത് ഇത്തരം കുറ്റങ്ങളിൽ കേസെടുക്കാൻ പാടില്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 451, 452 വകുപ്പുകൾ യാന്ത്രികമായി ചുമത്തുന്നതു സംബന്ധിച്ച ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്. വിശദമായി അന്വേഷിച്ചു ബോധ്യപ്പെട്ടതിനുശേഷം മാത്രമേ വകുപ്പു നിശ്ചയിക്കാൻ പാടുള്ളൂവെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു