റോഡ് മുറിച്ചുകടക്കവേ വിദ്യാര്‍ഥിനി KSRTC ബസ്സിടിച്ച് മരിച്ചു
- 15/01/2023

റോഡ് മുറിച്ചുകടക്കവേ വിദ്യാര്‍ഥിനി KSRTC ബസ്സിടിച്ച് മരിച്ചു;ദാരുണാന്ത്യം കൂട്ടുകാരു ടെ കണ്‍മുന്നിൽ ആലപ്പുഴ : റോഡ് മുറിച്ചുകടന്ന വിദ്യാർഥിനി കൂട്ടുകാരിയുടെ കൺമുന്നിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു മരിച്ചു. മണ്ണഞ്ചേരി പനയ്ക്കൽ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടിൽ സഫ്‌നാ സിയാദ് (15) ആണു മരിച്ചത്. കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ആലപ്പുഴ-മുഹമ്മ റോഡിൽ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം. ട്യൂഷൻ സെന്ററിലേക്കു പോകാനായി സ്വകാര്യ ബസ് ഇറങ്ങി എതിർവശത്തേക്കു നടക്കുമ്പോഴായിരുന്നു അപകടം. ഇതേസമയം സ്വകാര്യ ബസിനെ മറികടന്നെത്തിയതായിരുന്നു കെ.എസ്.ആർ.ടി.സി. വേണാട് ബസ്. മുന്നിലെ വലതു ടയറിനടിയിൽപ്പെട്ട സഫ്‌നയെ 10 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണു ബസ് നിന്നത്. ബസ് അതിവേഗത്തിലായിരുന്നെന്നും പെൺകുട്ടി റോഡുകടന്ന് നടപ്പാതയിലേക്കു കയറിയശേഷമാണ് ഇടിച്ചതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. സഫ്നയുടെ സഹപാഠി ആവണിയുടെ കൺമുന്നിലായിരുന്നു അപകടം. സഫ്‌ന റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുവരുന്നത് ആവണി കാണുന്നുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിനുനേരേ തിരിഞ്ഞ് നിർത്താനായി ആവണി അലറിക്കരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അപകടത്തെ തുടർന്ന് ഒാടി രക്ഷപ്പെട്ട കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ നൗഷാദിനെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റുചെയ്തു.വൈക്കത്തുനിന്ന് ആലപ്പുഴയ്ക്കു പോകുകയായിരുന്നു ബസ്. സഫ്‌നയുടെ പിതാവ്: സിയാദ്. മാതാവ്: സഫീല. സഹോദരൻ: സഫീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് മണ്ണഞ്ചേരി പടിഞ്ഞാറേ ജുമാ മസ്ജിദ് കബർസ്ഥാനിൽ