അക്കൗണ്ടന്റ്സ് പരിശീലന സ്ഥാപനത്തിന്റെ ഉടമ ആത്മഹത്യചെയ്തു .
- 01/01/2022

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അമ്മൻകോവിലിന് സമീപം ഐ.ഐ.എം.എസ്.റ്റി സ്ഥാപനമായ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തിന്റെ ചെയർമാൻ കം പ്രിൻസിപ്പാളായ പുല്ലുവിള സ്വദേശി ഡോ. റൊഡാൾഡ് എൽ.ജിയെയാണ് സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ വൈകിട്ടോടെ റോഡാൾഡിന്റെ ബന്ധുവെത്തി മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ കുടുംബവുമായി വാടകയ്ക്ക് താമസിച്ചാണ് നെയ്യാറ്റിൻകരയിലെ സ്ഥാപനം നടത്തിവന്നിരുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തുറക്കാനാകാതെ സ്ഥാപനം അടിച്ചിടേണ്ടി വന്നത് വൻകടബാധ്യതയ്ക്കിടയാക്കിയിരുന്നതായും വീടിന്റെയും സ്ഥാപനത്തിന്റെയും വാടക പോലും കൊടുക്കാൻ ബുദ്ധിമുട്ടിയിരുന്നെന്നുമാണ് വിവരം. ഭാര്യയും രണ്ട് മക്കളുമുണ്ട്. നെയ്യാറ്റിൻകര പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.