ദേശീയ പാതയിലെ പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്നാവശ്യം ശക്തം
- 01/10/2021

ദേശീയ പാതയിലെ പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്നാവശ്യം ശക്തം തിരുവനന്തപുരം : തിരുപുറത്തിനും കാഞ്ഞിരം കുളത്തിനും മദ്ധ്യേ ദേശീയപാത കടന്നുപോകുന്ന പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് തിരുപുറം എൽ ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച സമരം ഇരുപത്തി ഏഴ് ദിവസം പിന്നിട്ടു. സമരത്തിൻ്റെ രണ്ടാം ഘട്ടമെന്ന നിലയിലാരംഭിച്ച നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടു. ഇന്നലത്തെ നിരാഹാര സത്യാഗ്രഹ സമരം സി പി ഐ നെയ്യാറ്റിൻകര മണ്ഡഡലം കമ്മിറ്റിയംഗം വി എസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. അലൈൻമെൻറിൽ ഉൾപ്പെടുത്തിയിരുന്ന പുറുത്തി വിളയെ മേജർ സിഗ്നൽ ജംഗ്ഷനായി മാറ്റണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു. യാത്രക്കാരുടെയും സ്ഥലവാസികളുടെയും സുരക്ഷയും ഉറപ്പാക്കണമെന്നും ഉദ്ഘാടകൻ കൂട്ടിച്ചേർത്തു. ജനതാദൾ തിരുപുറം മണ്ഡലം പ്രസിഡൻ്റ് എം വിൻസെൻ്റ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഷിബു കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ സി പി ഐ മണ്ഡലം കമ്മിറ്റിയംഗം എസ് എസ് ഷെറിൻ, എൻ സി പി ജില്ലാ സെക്രട്ടറി സൂര്യകാന്ത്, ബ്ലോക്ക് അംഗം ഷിനി, മഹിളാസംഘം നേതാവ് മഞ്ചു, സി പി എം ബ്രാഞ്ച് സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. സി പി ഐ എട്ടു കുറ്റി ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ ഷൈജു, വർഗീസ് എന്നിവരാണ് നിരാഹാര സത്യാഗ്രഹമനുഷ്ടിക്കുന്നത്.യൂ ഡിഎഫ് ,എൽഡിഎഫ് എന്നീ മുന്നണികളുടെ നേതൃത്വത്തിൽ ഘടകക്ഷികളുടെ സത്യാഗ്രഹ സമരങ്ങൾ തുടരുന്നു .