ബാർകോഴ:ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിനു അനുമതി തേടിസർക്കാർ
- rathikumar.d News desk tvm
- 09/11/2020

ബാർകോഴ:ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിനു അനുമതി തേടിസർക്കാർ തിരുവനന്തപുരം∙ ബാറുടമ രമേശിന്‍റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ.ബാബുവിന്‍റെ നിര്‍ദ്ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറി. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാലാണ് അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്‍റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവര്‍ണര്‍ക്ക് കൈമാറിയത്. ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. എന്നാല്‍ ആരോപണത്തില്‍ നിന്നു പിന്‍മാറാന്‍ ജോസ് കെ.മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്‍റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം