സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ;വിജയ് പി.നായരെ കസ്റ്റഡിയിലെടുത്തു
- 28/09/2020

തിരുവനന്തപുരം∙ സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂർ സ്വദേശി വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോൾ കാണാനില്ലാത്തതിനെത്തുടർന്ന് കല്ലിയൂരിലെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂർ പൊലീസും കേസെടുത്തിട്ടുണ്ട്.