ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട് ഘോഷയാത്രയും പൊതു സമ്മേളനവും നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട് ഘോഷയാത്രയും പൊതുസമ്മേളനവും ഇന്നലെ വൈകിട്ട് പെരുമ്പഴുതൂർ ജംങ്ഷനിൽ നടത്തി.അരുവിപ്പുറം ക്ഷേത്ര മഠാധിപതി സാന്ദ്രാനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വർത്തമാന കേരളത്തിൽ വർദ്ധിച്ചുവരുന്ന പല അതിക്രമങ്ങൾക്കും കാരണം സമൂഹത്തിലെ മൂല്യച്യുതികളാണെന്നും നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് പകർന്നുകൊടുത്തു കൊണ്ട് മാത്രമേ ഇതിനുള്ള പരിഹാരം കാണാനാകൂ എന്നും സ്വാമിജി അഭിപ്രായപ്പെട്ടു. പശ്ചിമ മേഖല പ്രാദേശിക ഉത്സവ സമിതി പ്രസിഡന്റ് എസ്. കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ:എസ്. കെ.ജയകുമാർ സ്വാഗതം ആശംസിച്ചു . നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ , നെയ്യാറ്റിൻകര നഗരസഭ അധ്യക്ഷൻ പി. കെ. രാജ്മോഹൻ, നെയ്യാറ്റിൻകര ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ , സിപിഎം ഏരിയ സെക്രട്ടറി ശ്രീകുമാർ , ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് , ഡിസിസി സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ് ആർ. ഒ. അരുൺ , അഡ്വക്കേറ്റ് വിനോദ് സെൻ , ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സുജിത് എസ് ക്ഷേത്രം മുൻ പ്രസിഡന്റ് കെ ആർ പ്രദീപ് എന്നിവർ പങ്കെടുത്തു . ഉദ്ഘാടനത്തിനുശേഷം വിളക്ക് കെട്ട് ഘോഷയാത്ര പെരുമ്പഴുതൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിൽ അവസാനിച്ചു. വിളക്കുകെട്ട് ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ രംഗത്ത് ഉണ്ടായിരുന്നു .