താനൂർ ബോട്ട് ദുരന്തം സർക്കാരിന്റെ അനാസ്ഥ; ടൂറിസം മന്ത്രി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ

താനൂർ ബോട്ട് ദുരന്തം സർക്കാരിന്റെ അനാസ്ഥ; ടൂറിസം മന്ത്രി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ തിരുവനന്തപുരം∙ കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപം ഉളുപ്പുണ്ടെങ്കിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവയ്ക്കണം. കേരളത്തിൽ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സർവീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നു. കേരളത്തിലെ ടൂറിസത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് കോടികൾ ചെലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്ബോട്ടിനു വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാൻ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഒരു മൊബൈൽ ആപ്പ് ഉണ്ടാക്കാൻ പോലും ഈ കാര്യത്തിൽ സർക്കാർ തയാറായില്ല. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സർക്കാർ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. കേരളത്തിലെ ബോട്ട് സർവീസുകൾ അപടകരമാംവിധത്തിലാണ് പോകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രിയും ടൂറിസം വകുപ്പും അതെല്ലാം അവഗണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായ സുരക്ഷാ നടപടികൾ ബോട്ട് സർവീസിന്റെ കാര്യത്തിൽ ഉണ്ടാകുമ്പോൾ കേരളത്തിൽ എല്ലാം തോന്നിയപോലെയാണ് നടന്നിരുന്നത്. ഹൗസ്ബോട്ട് ഡ്രൈവർമാർക്ക് വേണ്ട പരിശീലനമോ ബോട്ടിൽ കയറുന്നവർക്ക് സേഫ്റ്റി ബ്രീഫിങ്ങോ ഇവിടെ ലഭിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണം. സംഭവത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ ഉടനടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാർഹമാണ്. ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടുകൾക്ക് കേരളത്തിൽ സർവീസ് നടത്താൻ ഒത്താശ ചെയ്യുന്നതിൽ വലിയ അഴിമതിയുണ്ടെന്ന് ഉറപ്പാണ്. ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ടൂറിസം മന്ത്രി ഓർമിക്കണം. 22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേ തീരുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബോട്ട് ഉടമ നാസർ ഒളിവിൽ ; സഹോദരനും അയൽവാസിയും കസ്റ്റഡിയിൽ മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറ‍ഞ്ഞു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്‌ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.