ഹെല്‍മറ്റ് ധ രിക്കാൻ പറഞ്ഞ എസ്ഐയോട് തട്ടിക്കയറി CPM നേതാവ്; ആലപ്പുഴ: കായംകുളത്ത് നടുറോഡിൽവെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം. നേതാവ്. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗമായ അഷ്കർ നമ്പലശേരിയാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മന്ത്രിയുടെ പരിപാടി നടക്കാനിരിക്കെ വാഹനം തടഞ്ഞതും ഹെൽമെറ്റ് വെച്ചു പോകാൻ പറഞ്ഞതുമാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. രണ്ടു ദിവസം മുമ്പ് ആലപ്പുഴയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരിപാടി ഉണ്ടായിരുന്നു. ഇതിനിടെ മന്ത്രിക്ക് പോകാനുള്ള ഗതാഗത ക്രമീകരണം പോലീസ് ഏർപ്പെടുത്തി. ഈ സമയത്ത് സംഭവസ്ഥലത്തെത്തിയ അഷ്കറിനെ പോലീസ് തടയുകയായിരുന്നു. 'പാർട്ടി നേതാവിനെ എങ്ങനെ നിങ്ങൾക്ക് തടയാൻ കഴിയും' എന്ന് ചോദിച്ചുകൊണ്ട് ഇയാൾ പോലീസിനോട് തട്ടിക്കയറി. എന്നാൽ ബൈക്കിലിരുന്ന അഷ്കർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഇത് പോലീസ് ചോദ്യം ചെയ്തതോടെ അഷ്കർ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. എസ്.ഐയോട് തട്ടിക്കയറിയതിന് പിന്നാലെ ഇയാൾ ഫെയ്സ്ബുക്കിൽ പോലീസിനെതിരെ ആരോപണമുന്നയിച്ചുകൊണ്ട് പോസ്റ്റിടുകയും ചെയ്തു. മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ പോലീസ് ശ്രമിച്ചു എന്നായിരുന്നു അരോപണം.