നവരാത്രി ഘോഷയാത്രയ്ക്ക് കേരള അതിര്‍ത്തിയില്‍ ഊഷ്മളമായ വരവേല്‍പ്പ് നെയ്യാറ്റിന്‍കര: നവരാത്രി ഘോഷയാത്രയ്ക്ക് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഇന്നലെ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. കഴിഞ്ഞ ദിവസം രാവിലെ പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ നിന്നും വായ്ക്കുരവകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയില്‍ തമിഴ്നാട് ദേവസ്വം കമ്മിഷണര്‍ വലിയകാണിയ്ക്ക സമര്‍പ്പിച്ച് ഉടവാള്‍ ഏറ്റു വാങ്ങിയതോടെ ഘോഷയാത്ര ആരംഭിച്ചത്. പല്ലക്കില്‍ എഴുന്നളളുന്ന വിഗ്രഹങ്ങള്‍ തിങ്കളാഴ്ച വൈകിട്ടോടെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ ഇറക്കി പൂജ ചെയ്ത ശേഷം രാത്രി ക്ഷേത്രത്തില്‍ തങ്ങുകയുണ്ടായി . ഇന്നലെ രാവിലെ 12 .00 മണിയോടുകൂടി കളിയിക്കാവിളയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ കേരള പൊലീസ് , ദേവസ്വം അധികൃതര്‍ , റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ആചാര പ്രകാരം സ്വീകരിച്ചു. ഘോഷയാത്രക്കു കേരളാ ,തമിഴ്‌നാട് പോലീസിന്റെ ഗാർഡ്ഓഫ് ഓണറും നൽകുകയുണ്ടായി . തിരുവനന്തപുരം റൂറൽ എസ്‌പി.ശിൽപ്പ, തിരുവിതാം കൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അനന്തഗോപൻ,പാറശാല എംഎൽഎ സികെ.ഹരീന്ദ്രൻ,തിരുവനന്തപുരം ജില്ലാപഞ്ചായത്തു ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജാ, നെയ്യാറ്റിൻകര താഹസിൽ ദാർ അരുൺ,നെയ്യാറ്റിൻകര ഡി.വൈ.എസ്.പിശ്രീകാന്ത് ,തക്കല ഡി.വൈ.എസ്.പി ഗണേശൻ,പാറശാല സിഐ ഹേമന്ത് കുമാർ, പാറശാല വില്ലേജോഫീസർ ക്രിസ്തുദാസ് ,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്മനാഭപുരം കൊട്ടരത്തിലെ തേവരക്കെട്ട് സരസ്വതി ദേവി , വേളിമല കുമാരസ്വാമി , ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് വന്‍ സുരക്ഷാ വലയത്തില്‍ അനന്തപുരിയിലേയ്ക്ക് ആനയിച്ചത് . ഇന്നലെ വൈകിട്ടോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ തങ്ങിയ ശേഷം ഇന്ന് രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയോടെ കരമന അമ്മന്‍ കോവിലില്‍എത്തും. പൂജകള്‍ക്ക് ശേഷം കുമാര സ്വാമിയെ വെളളിക്കുതിരയു ടെ പുറത്ത് എഴുന്നളളിക്കും. രാത്രി (ബുധനാഴ്ച) ഘോഷയാത്ര കോട്ടയ്ക്കകത്ത് എത്തിച്ചേരുമ്പോള്‍ മൂലംതിരുനാള്‍രാമവര്‍മ്മ (പദ്മനാഭ സ്വാമി ക്ഷേത്ര സ്ഥാനി) ഉടവാള്‍ ഏറ്റു വാങ്ങി വിഗ്രഹങ്ങളെ വരവേല്‍ക്കും. തുടര്‍ന്ന് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജക്കിരുത്തുന്നതോടെ വ്യാഴാഴ്ച നവരാത്രി പൂജയ്ക്ക് തുടക്കം കുറിക്കും ഫോട്ടോ :നവരാത്രി വിഗ്രഹങ്ങള്ഇന്ന ലെ അതിര്‍ത്തിയായ കളിയിക്കാവിളയില് എത്തിച്ചേര്‍ന്നപ്പോള്