അനന്തപുരിയിൽ തോരാത്ത മഴ ;................. 47 വീടുകള്‍ തകര്‍ന്നു............. ഫയർ ഫോഴ്‌സും ,സന്നദ്ധസംഘടനകളും രംഗത്ത്............ നെയ്യാർ കരകവിഞ്ഞു ............... തിരുവനന്തപുരം: തോരാത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ നിലവില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 47 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 11 വീടുകളും നെയ്യാറ്റിന്‍കര താലൂക്കില്‍ ഒരു വീടും നെടുമങ്ങാട് താലൂക്കില്‍ 16 ഉം ചിറയിന്‍കീഴ് താലൂക്കില്‍ 13 ഉം വര്‍ക്കല താലൂക്കില്‍ രണ്ടും കാട്ടാക്കട താലൂക്കില്‍ മൂന്ന് വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷി നാശം സംഭിച്ചു. നെല്ല്, വാഴ, വെറ്റില കൃഷികളാണ് കൂടുതലായും നശിച്ചത്. ജില്ലയില്‍ വരും ദിവസങ്ങളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ തുറന്ന നിലയിലാണ്. സമീപ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളിക്കായുള്ള തെരച്ചില്‍ ഇന്നും തുടര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം താലൂക്ക് പരിധിയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര, ബാലരാമപുരം പ്രദേശങ്ങളിലെ മൂന്ന് വീടുകളില്‍ കിണറുകള്‍ ഇടിഞ്ഞുതാണതായും റിപ്പോര്‍ട്ടുണ്ട്. ജില്ലയില്‍ കഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വസ ക്യാമ്പുകളില്‍ കഴിയുന്നത് 480 പേര്‍. 14 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. ആറ് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 125 പേര്‍ ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 78 കുടുംബങ്ങളിലെ 312 പേരും ചിറയിന്‍കീഴ് താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 79 പേരും കഴിയുന്നു. നെടുമങ്ങാട്, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നിലവില്‍ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല. മുടവന്‍മുകളില്‍ വീടിന് മുകളിലേക്ക് 30 അടി ഉയരമുള്ള മതിലിടിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. അര്‍ധരാത്രിയാണ് കൂറ്റന്‍ സംരക്ഷണഭിത്തി വീടിനു മുകളിലേക്ക് ചെരിഞ്ഞത്. 22 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറംഗ കുടുംബം വീട്ടിലുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പ്പെട്ട 80 വയസുള്ള ലീലയെയും മകന്‍ ഉണ്ണികൃഷ്ണനെയും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്. നെടുമങ്ങാട് പനയുട്ടത്ത് പരമേശ്വര പിള്ളയുടെയും വട്ടപ്പാറ കണക്കൊട് സുഭാഷിന്റെയും വീടുകള്‍ മണ്ണിടിഞ്ഞ് തകര്‍ന്നു. തൃക്കണ്ണാപുരത്ത് കരമനയാറ്റില്‍ വെള്ളം ഉയര്‍ന്ന് വീടുകളിലേക്ക് കയറിയതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ റിവര്‍ വ്യൂ ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയ പൂര്‍ണമായും വെള്ളത്തിനടിയിലായി. പേപ്പാറ ഡാമില്‍ വെള്ളം നിറഞ്ഞതോടെ വിതുര പൊടിയക്കാല ആദിവാസി കോളനി ഒറ്റപ്പെട്ടു. നെയ്യാര്‍ കരകവിഞ്ഞതോടെ നെയ്യാറ്റിന്‍കര, കണ്ണന്‍കുഴി, രാമേശ്വരം പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നെയ്യാറ്റിന്‍കരയിലെ വിശ്വഭാരതി സ്‌കൂളിലും വെള്ളം കയറി. ജില്ലയിലാകെ വ്യാപക കൃഷിനാശവുമുണ്ട്. വെഞ്ഞാറമൂട്: ശക്തമായി തുടരുന്ന മഴയില്‍ നഗരൂര്‍ പഞ്ചായത്തിലെ രണ്ടുവീടുകള്‍ തകര്‍ന്നു. ന?ഗരൂര്‍ പഞ്ചായത്തിലെ പതിനേഴാംവാര്‍ഡില്‍ കരിംപാലോട് സ്വദേശിനി ഗോമതിയുടെ ചരുവിളവീടാണ് മഴയില്‍ പൂര്‍ണമായും തകര്‍ന്നുവീണത്. ശോചനീയാവസ്ഥയിലായിരുന്നു വീട്. വെള്ളിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയിലാണ് വീട് തകര്‍ന്നത്. വീട് തകരുന്ന സമയത്ത് ഗോമതിയും ഭര്‍ത്താവും സമീപത്തെ ബന്ധുവീട്ടില്‍ അഭയം തേടിയിരുന്നതിനാല്‍ ആളപായം ഉണ്ടായിരുന്നില്ല. നഗരൂര്‍ പഞ്ചായത്തിലെ ദര്‍ശനാവട്ടം വാര്‍ഡില്‍ കോയിക്കമൂല സ്വദേശിനി രമണിയുടെ സുഭദ്രാലയം എന്ന വീടിന്റെ ചുമരാണ് മഴയില്‍ തകര്‍ന്ന് വീണത്. ഈ സമയം വീട്ടിനുള്ളില്‍ രമണിയും മക്കളുമുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളറട: അമ്പൂരി ചാക്കപ്പാറയില്‍ ഓട്ടോറിക്ഷ ഒഴുക്കില്‍പ്പെട്ടു. ഓട്ടോ ഡ്രൈവറേയും യാത്രക്കാരിയേയും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷിച്ചു. പെരുങ്കടവിള കുഴിവിളരോഹിണിയില്‍ ശാരദയുടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താണു. കോട്ടറത്തല അംബിളിയുടെ വീട്ടിലേക്ക് വെള്ളം ഇരച്ചുകേറി പാര്‍ശ്വഭിത്തി ഒലിച്ച് പോയത് വീടിന് ഭീഷണിയായി.നെയ്യാറ്റിൻകര ഓലത്താണിയിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി .പ്ലാവിളയിൽ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മലഞ്ചാണി മലയിലെ ഒറ്റപ്പെട്ടുപോയ പത്തോളം കുടുംബങ്ങളെ രക്ഷപ്പെടുത്തി . തോരത്ത മഴയില്‍ പച്ചക്കറി തോട്ടങ്ങള്‍ പൂര്‍ണമായി വെള്ളത്തിലായി. വാഴവിള ഷീബാഭവനില്‍ സി ലീലയുടെ വീട് ഭാഗികമായി തകര്‍ന്നു. മുള്ളിലവ്‌വിള പണയപ്പാടി നേശിയുടെ കാലിത്തൊ ഴുത്ത് തകര്‍ന്ന് പശുക്കള്‍ക്ക് പരുക്ക് പറ്റി. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പശുക്കളുടെ പുറത്ത് പതിച്ച മരക്കഷ്ണങ്ങളും ഹോളോബ്രിക്സ് കല്ല്കളും നീക്കംചെയ്ത ശേക്ഷമാണ് പശുക്കളെ മാറ്റാന്‍കഴിഞ്ഞത്. രണ്ട് പശുക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാമനപുരം പഞ്ചായത്തിലെ കൃഷ്യിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി.നെയ്യാറ്റിൻകര,ഫോർട്ടിൽ ,കുട്ടപ്പന്റെ പത്തിലധികം വരുന്ന കാലികളെ നെയ്യാറിലെ വെള്ളം കയറിയതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.