കന്നി പത്ത് : സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടു കടത്തലിന് 111 വയസ് തികയുന്നു. തിരുവനന്തപുരം : ഇന്ന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ നാടു കടത്തലിന് ഇന്ന് 111 വയസ് തികയുന്നു. തിരുവിതാംകൂറിലെ ഭരണരംഗത്തെ അഴിമതിക്കും അന്നത്തെ ദിവാന്‍ പി. രാജഗോപാലാചാരിയുടെ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും രാജസേവകന്മാരുടെ ചൂഷണങ്ങള്‍ക്കും എതിരെ സധൈര്യം തൂലിക പടവാളാക്കിയതിനു ലഭിച്ച ശിക്ഷയായിരുന്നു ആ നാടു കടത്തല്‍. മലയാള മാധ്യമചരിത്രത്തിന്‍റെ തന്നെ ഭാഗമായ പത്രാധിപരെ ജന്മനാടും സര്‍ക്കാരും അര്‍ഹമായ രീതിയില്‍ ഇപ്പോഴും സ്മരിക്കുന്നുണ്ടോ എന്ന സംശയം ബാക്കി. സ്വദേശാഭിമാനിയുടെ ജനനവും മരണവും സാധാരണ മറന്നു പോകാറുള്ള നെയ്യാറ്റിന്‍കര നാടു കടത്തല്‍ ഗംഭീരമായി തന്നെ ആചരിക്കാറുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോഴേ പത്രപ്രവര്‍ത്തനത്തിന്‍റെ നാള്‍വഴികളിലൂടെ സഞ്ചാരം തുടങ്ങിയ കെ. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ പത്രാധിപരായതോടെയാണ് സ്വന്തം പേരിനോടൊപ്പം പത്രത്തിന്‍റെ തലക്കെട്ടും ചേര്‍ത്ത് വായിക്കപ്പെട്ടത്. വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്വദേശാഭിമാനി പത്രം. ദിവാന്‍ സര്‍ സി.പി രാജഗോപാലാചാരിയുടെ കണ്ണിലെ കരടായി മാറിയതാണ് നാടു കടത്തലിനിടയാക്കിയത്. അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെ ശക്തമായ ഭാഷയിലെഴുതിയ മുഖപ്രസംഗങ്ങള്‍ ദിവാന്‍റെ ഉറക്കം കെടുത്തി. മനുഷ്യനിര്‍മിതമായ ഒന്നിനും മുട്ടു കുത്തില്ലായെന്ന ധീരനായ രാമകൃഷ്ണപിള്ളയുടെ ധാര്‍ഷ്ട്യം ദിവാനെയും കൂട്ടരെയും രോഷാകുലരാക്കി. അപ്പോഴും ആദര്‍ശങ്ങളിലുറച്ചു തന്നെ സ്വദേശാഭിമാനി എഴുത്തു തുടര്‍ന്നു. ഗര്‍ഹ്യമായ നടത്ത, യുക്തിഭ്രമങ്ങളും കൈക്കൂലിപ്പിശാചിന്‍റെ വിക്രിയകളും, തിരുവിതാംകൂറിലെ അഴിമതികള്‍ എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒടുവില്‍ സ്വദേശാഭിമാനിയെ തിരുവിതാംകൂറില്‍ നിന്നും നാടു കടത്താനുള്ള രാജകീയ വിളംബരം നേടിയെടുക്കാന്‍ ദിവാന് സാധിച്ചു. അങ്ങനെ, ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന് പഠിപ്പിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ 1910 സെപ്തംബര്‍ മാസം 26 ന് (കന്നി പത്തിന്) തിരുവിതാംകൂറിന്‍റെ അതിര്‍ത്തിയായ ആരല്‍വായ്മൊഴിക്ക് അപ്പുറത്തേയ്ക്ക് ,(ഇപ്പോഴത്തെ തമിഴ്‌നാട്) നിര്‍ദാക്ഷിണ്യം നാടു കടത്തി. വളരെയധികം പീഡകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ശേഷിച്ച ജീവിതം. അസുഖബാധിതനായി കുറെ നാൾ പിന്നീട് 1916 മാര്‍ച്ച് 28 ന് കണ്ണൂരിലെ പയ്യാമ്പലം കടല്‍ത്തീരത്ത് നെയ്യാറ്റിന്‍കരയുടെ പ്രിയപ്പെട്ട പത്രാധിപര്‍ ഓര്‍മയായി. 1878 മെയ് അഞ്ചിന് കോട്ടയ്ക്കകത്ത് മുല്ലപ്പള്ളി ഭവനത്തില്‍ നരസിംഹന്‍പോറ്റിയുടെയും അതിയന്നൂര്‍ കൂടില്ലാവീട് കുടുംബാംഗമായ ചക്കിയമ്മയുടെയും മകനായി നെയ്യാറ്റിന്‍കരയില്‍ ജനിച്ച രാമകൃഷ്ണപിള്ളയെക്കുറിച്ച് ഇന്നും ജന്മനാട്ടില്‍ പുതിയ തലമുറയ്ക്ക് അത്ര പരിചിതമാണോ എന്ന സംശയം മുതിര്‍ന്ന പലര്‍ക്കുമുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാതൃഗൃഹമായ അതിയന്നൂര്‍ പഞ്ചായത്തിലെ കൂടില്ലാ വീട് സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് . സാംസ്കാരികവകുപ്പ്, പുരാവസ്തു വകുപ്പ്, ടൂറിസം വകുപ്പ് ,നെയ്യാറ്റിൻകര നഗരസഭാ എന്നിവരുടെ ടെ പൂര്‍ണ്ണ സഹകരണം കൂടില്ലാ വീടിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം . സ്വദേശാഭിമാനിയുടെ പേരില്‍ ഒരു പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നീക്കം ഒന്നും ആയില്ല .നാടുകടത്തൽ ദിനാചരണം കുറെ സംഘടനകൾ നടത്തുന്നതൊഴിച്ചാൽ മറ്റൊരു നടപടികളും ഉണ്ടാകുന്നില്ല . എന്തായാലും, ഇന്നലെകളിലെ ഓര്‍മകളുടെ അടയാളങ്ങളായി ഇന്ന് അവശേഷിക്കുന്നത് ഈ ഓല മേഞ്ഞ വീടും സമീപത്ത് തറവാട്ടിന്‍റെ വകയായുള്ള കാവും നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനി പാർക്കും മാത്രം. പത്രപ്രവര്‍ത്തക, ചരിത്ര ഗവേഷക വിദ്യാര്‍ഥികള്‍ക്കും പുതിയ തലമുറയ്ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ഇവിടം ഒരു സംരക്ഷിത സ്മാരകമാക്കണമെന്ന ആവശ്യം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ അവശേഷിക്കുന്നു. സർക്കാർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൻറെ കൈവശം ഇരിക്കുന്ന കൂടില്ല വീട് ഏറ്റെടുത്തു വീടിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട്നടപടികൾ കൈക്കൊള്ളണം , ഇടിഞ്ഞുവീഴാറായ വീട് സംരക്ഷിക്കണം ഫോട്ടോ: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ ഓർമ ചിത്രം സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ചിത്രം