രണ്ടാം LDF മന്ത്രിസഭ അധികാരമേറ്റു

രണ്ടാം LDF  മന്ത്രിസഭ   അധികാരമേറ്റു .................................................................... തിരുവനന്തപുരം ∙  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം  വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ആവേശപൂര്‍വം ചടങ്ങിനു സാക്ഷികളായി. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും  മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. വേദിയില്‍ 140 അടി നീളത്തില്‍ സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനില്‍ ചടങ്ങിനു മുന്‍പ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം. ദേശീയഗാനത്തിനുശേഷം ചീഫ് സെക്രട്ടറി വി.പി. ജോയ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്കു ക്ഷണിച്ചു. പിണറായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിനു പിന്നാലെ മന്ത്രിമാരും സത്യവാചകം ചൊല്ലി ചുമതലയേറ്റു. കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍. ജി.ആര്‍. അനില്‍, കെ.എന്‍.ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി.ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്