വാളയാർ അന്വേഷണത്തിൽ വീഴ്ച ; ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണം;കുട്ടികളുടെ മാതാപിതാക്കൾ

വാളയാർ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണം;കുട്ടികളുടെ മാതാപിതാക്കൾ................. പാലക്കാട് ∙ വാളയാർ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നു പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കുട്ടികളുടെ മാതാപിതാക്കൾ എ.കെ.ബാലനോടു വ്യക്തമാക്കി. പുനർവിചാരണയും തുടരന്വേഷണവും വേണമെന്നാണു സർക്കാർ നിലപാടെന്നും കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നടന്ന വാദങ്ങളിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി മാതാപിതാക്കളെ അറിയിച്ചു. രണ്ടാഴ്ച മുൻപു മാതാപിതാക്കൾ സമരം നടത്തിയപ്പോൾ ഇപ്പോൾ സമരം എന്തിനാണെന്നു മന്ത്രി ചോദിച്ചിരുന്നു. ഇതിനു മറുപടിയായി അദ്ദേഹത്തെ കാണുന്നതിനു മന്ത്രിയുടെ വീട്ടിലേക്കു 10ന് ആരംഭിച്ച കാൽനടയാത്ര ഇന്നലെ ഉച്ചയോടെ മന്ത്രിയുടെ വസതിക്കു മുന്നിലെത്തി. തുടർന്നു മാതാപിതാക്കളെയും സമരസമിതി നേതാക്കളെയും കാണണമെന്നു മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നിയമപരമായി മാത്രമേ നടപ്പാക്കാനാകൂവെന്നും ഐജി ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, കേസുകൾ അട്ടിമറിച്ചെന്നു ഹൈക്കോടതിക്കു തന്നെ ബോധ്യപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനെ ഇതിനു ചുമതലപ്പെടുത്തിയതു പ്രതിഷേധാർഹമാണെന്നു മാതാപിതാക്കളും സമരസമിതിയും പ്രതികരിച്ചു. സർക്കാരിനെതിരായി നടന്ന സമരത്തിൽ താൻ എത്തി അനുഭാവം അറിയിക്കുന്നതു ശരിയല്ലാത്തതിനാലാണ് അട്ടപ്പള്ളത്തെ വീട്ടിലെത്തി കാണാതിരുന്നതെന്നും അവിടെ എത്തുന്നതിൽ മടിയുള്ളയാളല്ല താനെന്നും എ.കെ.ബാലൻ പറഞ്ഞു. ഇരകൾക്കെതിരായ ഒരു സമീപനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പറഞ്ഞ മന്ത്രി മാതാപിതാക്കൾ നൽകിയ നിവേദനവും സ്വീകരിച്ചു. സമരസമിതി നേതാക്കളായ സി.ആർ. നീലകണ്ഠൻ, വിളയോടി വേണുഗോപാൽ എന്നിവരും മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്നു