LSG തിരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മാസ്ക്, കൈയ്യുറ സുരക്ഷാ മാനദണ്ഡങ്ങൾ

LSG തിരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മാസ്ക്, കൈയ്യുറ സുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സ്വീകരിക്കാനായി വരണാധികാരികള്‍ വലിപ്പവും വായു സഞ്ചാരവുമുള്ള മുറികള്‍ ഏര്‍പ്പെടുത്തും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥി, നിര്‍ദേശിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. കൈകഴുകി, സാനിറ്റെസര്‍ ഉപയോഗിച്ച ശേഷമേ ഹാളില്‍ പ്രവേശിക്കാവൂ. മാസ്ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിച്ചു വേണം പത്രിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറാൻ. തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് തപാൽ വോട്ട് 3.5 ലക്ഷം ആവശ്യമെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നേരത്തെ നിശ്ചിതമായ സമയം ബുക്ക് ചെയ്യാം. തിരക്ക് ഒഴിവാക്കാനാണിത്. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികം പേര്‍ എത്തിയാല്‍, അവര്‍ക്ക് കാത്തിരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കും. മാസ്ക്, കൈയ്യുറ, മുഖത്ത് ഷീല്‍ഡ് എന്നിവ ഉപയോഗിച്ചു കൊണ്ടുമാത്രമേ ഉദ്യോഗസ്ഥര്‍ പത്രിക സ്വീകരിക്കാവൂ. പത്രിക കൈമാറിയ ശേഷവും സാനിറ്റെസര്‍ ഉപയോഗിക്കണം. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥി വരുന്ന വാഹനം മാത്രമേ പാടുള്ളൂ. ജാഥ, ആള്‍ക്കൂട്ടം, വാഹനവ്യൂഹം ഇവ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവരും ക്വാറന്റീനില്‍ കഴിയുന്ന്വവരും പ്രത്യേകമായി സമയം ചോദിച്ചശേഷമേ നാമനിര്‍ദേശ പത്രിക നല്‍കാനെത്താവൂ. ഇവരുടെ പത്രിക സ്വീകരിക്കാന്‍ പ്രത്യേക ക്രമീകരണം വേണം. കോവിഡ് പോസിറ്റീവായ സ്ഥാനാര്‍ഥിയാണെങ്കില്‍ നിര്‍ദേശകന്‍ വഴി പത്രിക നല്‍കാം. കമ്മിഷന്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് മുന്‍പാകെ സ്ഥാനാർഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്തി വരണാധികാരിക്ക് എത്തിക്കാം.