നെയ്യാറ്റിന്‍കര വെടിവെയ്പിന്‍റെ   ചരിത്ര ശില്‍പ്പ സ്മാരകം  നാടിനു സമര്‍പ്പിച്ചു 

നെയ്യാറ്റിന്‍കര വെടിവെയ്പിന്‍റെ   ചരിത്ര ശില്‍പ്പ സ്മാരകം      നാടിനു സമര്‍പ്പിച്ചു   നെയ്യാറ്റിന്‍കര: നഗരസഭയിലെ അത്താഴമംഗലത്ത് പൂര്‍ത്തിയായ   ചരിത്ര ശില്‍പ്പ സ്മാരകം നെയ്യാറ്റിന്‍കര വെടിവെയ്പിന്‍റെ 82-ാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 31 ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിച്ചു. തിരുവോണ നാളിൽ വികസനങ്ങൾക്ക് പുതിയ വെളിച്ചം സമ്മാനിച്ച നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് വീരരാഘവം ഇത് സ്വപ്ന സാഫല്യമാണെന്നും ,  ചരിത്രത്തിന്റെ പോയ കാല സംസ്കൃതി പുതിയ തലമുറയക്ക് മുന്നിൽ ഓർമകളുടെ അടയാളപ്പെടുത്തൽ ഈ കാലഘട്ടത്തിന് ഏറ്റവും വലിയ മുതൽക്കൂട്ടാണെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ നെയ്യാറ്റിന്‍കര വെടിവയ്പിന്‍റെ ജീവസ്സുറ്റ ചിത്രീകരണമാണ് വീരരാഘവം എന്ന ശീര്‍ഷകത്തില്‍ തയാറാക്കപ്പെട്ടിരിക്കുന്നത്. 1938 ഓഗസ്റ്റ് 31 ന് നടന്ന വെടിവെയ്പില്‍ അത്താഴമംഗലം രാഘവന്‍, കല്ലുവിള പൊടിയന്‍, നടൂര്‍ക്കൊല്ല കുട്ടന്‍, കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍പിള്ള, വാറുവിളാകം പത്മനാഭന്‍പിള്ള, മരുത്തൂര്‍ വാസുദേവന്‍ എന്നിവര്‍ വീരചരമം പ്രാപിച്ചു. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന കാളി എന്ന സ്ത്രീയും വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു.  നഗരസഭ വൈസ് ചെയർമാൻ കെ. കെ. ഷിബുവിന്‍റെ പ്രത്യേക താത്പര്യപ്രകാരം   അത്താഴമംഗലം ജംഗ്ഷനിലെ വീരരാഘവ സ്മാരകത്തിന്‍റെ ചുമരില്‍ പൂര്‍ത്തിയാക്കിയ  ചരിത്രശില്‍പ്പസാന്നിധ്യത്തിന് 20 അടി നീളവും 10 അടി ഉയരവുമുണ്ട്. സിമന്‍റില്‍ തീര്‍ത്ത മുപ്പതോളം ശില്‍പ്പങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. 35 ദിവസത്തെ വിശ്രമമില്ലാത്ത അധ്വാനത്തിലൂടെയാണ്  ഈ ഗതകാലസ്മൃതിപര്‍വം സാക്ഷാത്കരിച്ചത്. വീരരാഘവ സ്മാരക ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍ ഹീബ അധ്യക്ഷയായി. കെ. ആന്‍സലന്‍ എംഎല്‍എ  മുഖ്യാതിഥിയായി. കെ.കെ ഷിബു, കൗണ്‍സിലര്‍ ഡി. സൗമ്യ,   എന്നിവര്‍ സംബന്ധിച്ചു.