വീഡിയോ കാണാം :നെയ്യാറ്റിന്‍കര തത്തിയൂരില്‍ പാറക്കോറിയില്‍ വന്‍ദുരന്തം; 2 മരണം ഏഴുപേര്‍ക്ക് പരിക്ക്
- 25/11/2017

നെയ്യാറ്റിന്‍കര തത്തിയൂരില്‍ പാറക്കോറിയില്‍ വന്‍ദുരന്തം; 2 മരണം ഏഴുപേര്‍ക്ക് പരിക്ക് ഡി.രതികുമാര്‍ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര തത്തിയൂരിലാണ് പാറക്കോറിയില്‍ വന്‍ ദുരന്തം സംഭവിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അശ്വതി സുകുമാരന്‍റെ ഉടമസ്ഥതയിലുള്ള കോറിയിലാണ് ഉയരത്തില്‍ നിന്ന് ഇളകിയ വലിയ കരിങ്കല്‍ ചീള് താഴേക്ക് പതിച്ചത്. സംഭവ സ്ഥലത്തുവച്ച് ഹിതാജിയുടെ ഡ്രൈവര്‍ സേലം സ്വദേശി സതീഷ് (25) തല്‍ക്ഷണം മരിക്കുകയായിരുന്നു. മറ്റൊരാളായ മാരായമുട്ടം സ്വദേശി വിനില്‍കുമാര്‍ (കുക്കു 24) നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. ഇവരെക്കൂടാതെ പരിക്കേറ്റ (5 പേര്‍) വിജില്‍, ജോസ്, സെല്‍വരാജ്, ജയന്‍, രാജേന്ദ്രന്‍ നെയ്യാറ്റിന്‍കര ജനറലാശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ സുധി, അജി, എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുധിയുടെ നെഞ്ചിലും വയറിലും മാരകമായ പരിക്കുണ്ട്. അജിയുടെ കാല്‍മുട്ടിനുതാഴെ മുറിഞ്ഞുപോയിട്ടുണ്ട്. പാറക്കോറിയില്‍ കരിങ്കല്‍ ചീളുകള്‍ക്കിടയില്‍ കിടന്ന അറ്റുപോയ കാല്‍ തുന്നിചേര്‍ക്കാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. മരണപ്പെട്ട വിനില്‍കുമാറിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും പാറക്കോറിയിലെ ഹിതാജിയുടെ ഡ്രൈവര്‍ സതീഷിന്‍റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറലാശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാറക്കോയറിയിലെ വന്‍ദുരന്തമറിഞ്ഞ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയും പരിസരവും ജനസാഗരമായി. പരിക്കേറ്റവര്‍ ആരെന്നോ എന്തെന്നോ അറിയാതെ പലരും ബന്ധുക്കളെത്തേടി തിക്കുംതിരക്കുമുണ്ടാക്കി. ഇതു നിയന്ത്രിക്കാന്‍ പോലീസും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും നന്നേ പാടുപെട്ടു. പത്ത് മണിക്ക് ദുരന്തം പുറത്തറിഞ്ഞതോടെ നെയ്യാറ്റിന്‍കര ബാലരാമപുരം പ്രദേശങ്ങളിലെ ആംബുലന്‍സുകള്‍ തത്തിയൂരിലെത്തി. നെയ്യാറ്റിന്‍കര പോലീസ് സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആംബുലന്‍സ് എത്തുന്നതിനുമുന്‍പേ ഡിപ്പര്‍ ലോറിയില്‍ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചു. പിന്നീടുള്ളവരെ ആംബുലന്‍സ് വഴി ആശുപത്രിയിലെത്തിച്ചു. ദുരന്തം നടന്ന തത്തിയൂരില്‍ വിവരം കേട്ടറിഞ്ഞ കൂടുതലാളുകള്‍ എത്തിയതോടെ രക്ഷാപ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടിലായി. നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അനധികൃത പാറക്കോറികളിലെ ദുരന്തംമൂലം മരണപ്പെട്ടവരുടെ എണ്ണം 16 ആയി നെയ്യാറ്റിന്‍കര, മാരായമുട്ടം, കാക്കണം, തത്തിയൂര്‍ പ്രദേശങ്ങളില്‍ അനധികൃതമായി പതിനഞ്ചിലധികം പാറക്കോറികളുണ്ട്. ഒന്നിനും കോറി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വാദം. ഇന്നലെ നടന്ന ദുരന്തത്തോടെ കോറികളില്‍ പാറക്കോറികള്‍ പൊലിഞ്ഞത് 16 പേരുടെ ജീവനാണ്. ഒരു കോറിക്ക് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നെയ്യാറ്റിന്‍കര പോലീസ് സബ്ഡിവിഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെയും അഴിമതിക്കാരായ ചില റവന്യൂ ഉദ്യോഗസ്ഥരുടെയും തണലിലാണ് അനധികൃതപാറക്കോറികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാട്ടുകാരുടെ അക്ഷേപം. ദുരന്തവാര്‍ത്തയറിഞ്ഞ് തത്തിയൂരില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി രണ്ടുമണിയോടെ ജില്ലാ കളക്ടര്‍ കെ.വാസുകി, നെടുമങ്ങാട് ഡിവൈഎസ്പി, എംഎല്‍എ കെ. ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍, കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് അരുണ്‍ തുടങ്ങിയവര്‍ സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരാതികള്‍ കേട്ടശേഷം അപകടം നടന്ന അശ്വതിസുകുമാരന്‍റെ ഉടമസ്ഥതയിലുള്ള കോറി നേരിട്ട് കണ്ടു സംഭവം വിലയിരുത്തി. പാറക്കോറിക്ക് അടിയന്തിരമായി സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. മുഴുവന്‍ അനധികൃത കോറികള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. രണ്ടായിരത്തോളം തൊഴിലാളികള്‍ വിവിധയിനം പണികള്‍ ചെയ്തു ജീവിക്കുന്ന ഇവിടെ കോറികള്‍ നിറുത്തിവച്ചാല്‍ പലരും കഷ്ടത്തിലാകുമെന്ന അപേക്ഷയുമായി മറ്റൊരു വിഭാഗം രംഗത്തുവന്നു. കോറികളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട ഫയലുകള്‍ കളക്ടറേറ്റില്‍ എത്തിക്കാന്‍ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ഉടനടി ഒരു യോഗം വിളിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പാറക്കോറികള്‍ പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തില്‍ സമീപത്തെ വീടുകളിലെ ഭിത്തികള്‍ പിളരുന്നതായി നാട്ടുകാര്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വീടുകള്‍ കളക്ടര്‍ പരിശോധന നടത്തി. തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു.