രാജിക്ക് പുറമെ ചാണ്ടിയെ പൂട്ടാൻ കെണിയൊരുക്കി സിപിഐ
- 16/11/2017

രാജിവച്ച മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ തുടർനടപടിക്ക് റവന്യൂമന്ത്രിയുടെ നിർദേശം. ഭൂമി കൈയേറ്റത്തിൽ കൂടുതൽ പരിശോധന നടത്താനാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമയ്ക്ക് നൽകിയിട്ടുള്ള നിർദേശം. മണ്ണിട്ട് നികത്തിയ സ്ഥലം പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിക്കാന് റവന്യൂവകുപ്പ് ജില്ലാ കളക്ടർ ടി.വി അനുപമയ്ക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് കന്പനിക്കു കളക്ടർ നോട്ടീസ് അയയ്ക്കാനും നിർദേശിച്ചു. അഭ്യൂഹങ്ങൾക്കും നാടകങ്ങൾക്കുമൊടുവിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് നടപടികൾ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർക്കു നിർദേശം നൽകിയിട്ടുള്ളത്. നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് ഒടുവിലാണ് തോമസ് ചാണ്ടി രാജിവച്ച് ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാൻ ചാണ്ടി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ സമ്മർദ്ദം ശക്തമാക്കിയതോടെ മറ്റ് വഴിയില്ലാതായി. പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് എൻസിപി ആക്ടിംഗ് പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുകയായിരുന്നു. ഒന്നര വർഷം പിന്നിടുന്ന പിണറായി മന്ത്രിസഭയിൽനിന്നുള്ള മൂന്നാമത്തെ രാജിയാണിത്. തോമസ് ചാണ്ടിയുടെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കു കൈമാറി. രാജി അംഗീകരിച്ചതായി ഗവർണർ പി. സദാശിവം അറിയിച്ചു. തോമസ് ചാണ്ടി വഹിച്ചിരുന്ന ഗതാഗതം- മോട്ടോർ വെഹിക്കിൾ വകുപ്പുകളുടെ ചുമതല തത്കാലം മുഖ്യമന്ത്രി വഹിക്കും. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയ്ക്ക് ഏറെ കോട്ടം സൃഷ്ടിച്ചെന്ന വിലയിരുത്തലിനും രാഷ്ട്രീയ സമ്മർദങ്ങൾക്കും ഒടുവിൽ ഔദ്യോഗിക വസതിയായ കാവേരിയിൽ എൻസിപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉച്ചയ്ക്ക് 12.30-ഓടെയാണ് തോമസ് ചാണ്ടി രാജിക്കത്തിൽ ഒപ്പുവച്ചത്. തുടർന്നു മുഖ്യമന്ത്രിയെ കാണാൻ കൂട്ടാക്കാതെ തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തിൽ ആലപ്പുഴയ്ക്കു പോയി. ഉപാധികളില്ലാതെയാണു രാജി. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്നും ആദ്യം കുറ്റവിമുക്തനായി എത്തുന്ന പാർട്ടിപ്രതിനിധിക്കു മന്ത്രിസ്ഥാനം മടക്കി നൽകാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നു തോമസ് ചാണ്ടി പിന്നീടു കുട്ടനാട്ടിൽ പറഞ്ഞു. എൻസിപിയുടെ മറ്റൊരു എംഎൽഎ നേരത്തെ ഹണി ട്രാപ്പ് കേസിൽ മന്ത്രിസ്ഥാനം നഷ്ടമായ എ.കെ. ശശീന്ദ്രനാണ്. മന്ത്രിസഭാ ബഹിഷ്കരണം അടക്കമുള്ള സിപിഐയുടെ കടുത്ത നിലപാടാണു തോമസ് ചാണ്ടിയുടെ രാജി ഇന്നലെ വേഗത്തിലാക്കിയത്. തോമസ് ചാണ്ടിക്കെതിരേ ഹൈക്കോടതി വിമർശനം ഉണ്ടായതിനുശേഷം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു സിപിഐയുടെ നാലു മന്ത്രിമാരും മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു.