റേഷൻ വ്യാപാരികൾ ആരംഭിച്ച അനിശ്ചിതകാലസമരം റേഷൻ കടകൾ അടഞ്ഞുകിടക്കുന്നു
- 07/11/2017

തിരുവനന്തപുരം: അരി ഏറ്റെടുക്കാതെയും വിതരണം ചെയ്യാതെയും സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ആരംഭിച്ച അനിശ്ചിതകാല സമരത്തെ തുടർന്ന് സംസ്ഥാനത്ത് റേഷൻ കടകൾ അടഞ്ഞു കിടന്നു. സംസ്ഥാനത്തെ 14000 ൽ അധികം റേഷൻ കടകളാണ് ഇന്നലെ അടഞ്ഞു കിടന്നത്. ഇ-പോസ് യന്ത്രം സ്ഥാപിക്കുക, റേഷൻ കടയുടമകളുടെ വേതന പാക്കേജ് പ്രഖ്യാപിക്കുക, റേഷൻ ധാന്യമെത്തിയ ശേഷം എസ്എംഎസ് സന്ദേശമയയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ അടങ്ങിയ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണു സമരം. പണി മുടക്കിയ റേഷൻ വ്യാപാരികൾ വിവിധ സപ്ലൈ ഓഫീസുകൾക്കു മുമ്പിൽ ഇന്നലെ ധർണയും നടത്തി. അരിയുമായി എത്തുന്ന വാഹനങ്ങൾ തിരിച്ചുവിട്ടും ഇൻഡന്റ് പാസാക്കാതെയും പണം അടയ്ക്കാതെയും ഭക്ഷ്യധാന്യം വിതരണം ചെയ്യാതെയുമാണു സമരം. കടകൾ സസ്പെൻഡു ചെയ്യുമെന്നും ലൈസൻസിയെ അറസ്റ്റു ചെയ്യുമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ഭീഷണിക്കു മുമ്പിൽ വഴങ്ങില്ലെന്നും ബലം പ്രയോഗിച്ച് ഉദ്യോഗസ്ഥർ കട തുറന്നാൽ നിയമപരമായി നേരിടുമെന്നും ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ, സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പൻ എന്നിവർ അറിയിച്ചു. വേതന പാക്കേജ് സംബന്ധിച്ച് ഉത്തരവിറക്കാതെ സമരം പിൻവലിക്കില്ല. മന്ത്രി നൽകുന്ന ഉറപ്പുകൾ ഇനി അംഗീകരിക്കാനാവില്ല. കംപ്യൂട്ടർവത്കരണം നടത്തുമെന്നും മുൻഗണനാപട്ടികയിലെ അപാകതകൾ പരിഹരിക്കുമെന്നും മന്ത്രി പല തവണ നടത്തിയ പ്രഖ്യാപനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കരിഞ്ചന്ത മാഫിയയ്ക്കെതിരേ നടപടിയെടുക്കാൻ മന്ത്രിക്കു കഴിയുന്നില്ലെന്നും ബേബിച്ചൻ മുക്കാടൻ ആരോപിച്ചു. സർക്കാരിനെ അട്ടിമറിക്കാനല്ല സമരമെന്നും വേതന പാക്കേജ് സംബന്ധിച്ച് ഉത്തരവിറക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സംയുക്ത സമരസമിതി കണ്വീനർ ജോണി നെല്ലൂരും അറിയിച്ചു.അതേസമയം സമരത്തെ ശക്തമായി നേരിടുമെന്ന് ഭക്ഷ്യവകുപ്പ് ആവർത്തിച്ചു. സമരം തുടർന്നാൽ അടച്ചിടുന്ന റേഷൻ കടകൾ കുടുംബശ്രീക്കു കൈമാറുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. കട അടച്ചിട്ടാൽ അവ കേരള റേഷനിംഗ് കണ്ട്രോൾ ആക്ട് പ്രകാരവും അവശ്യസാധന നിയന്ത്രണ നിയമപ്രകാരവും ഏറ്റെടുക്കാം. നടത്തിപ്പ് താൽകാലിക ലൈസൻസിലൂടെ കുടുംബശ്രീകൾക്കും വനിതാ സ്വയം സഹായസംഘങ്ങൾക്കും കൈമാറും. ഇന്നലെ മുതലാണ് അനിശ്ചിതകാല സമരം തുടങ്ങിയതെങ്കിലും നവംബർ ഒന്നു മുതൽ തന്നെ വ്യാപാരികൾ റേഷൻ ധാന്യമെടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കുകയാണ്. സംഭരണ കേന്ദ്രത്തിൽനിന്ന് ധാന്യം നീക്കം ചെയ്യാനാകാത്തതിനാൽ ഡിസംബർ മാസം വിതരണം ചെയ്യാനുള്ള അരി എഫ്സിഐ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.