ധനുവച്ചപുരം കോളേജിൽ വിദ്യാർഥിയുടെ ഉടുതുണി പറിച്ചു മർദനം
- 08/10/2017

പാറശാല: ധനുവച്ചപുരം ബി.ടി.എം എന്‍.എസ്.എസ് കോളേജിലെ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ നേമം സ്വദേശി അഭിജിത്തിനാണ് (18) കഴിഞ്ഞദിവസം എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനമേറ്റതായി പാറശാല പൊലീസില്‍ പരാതി നല്‍കിയത്. ഒരുകൂട്ടം എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജ് ക്യാംപസില്‍ വച്ച് അഭിജിത്തിനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുയായിരുന്നു. ഇപ്പോള്‍ എ.ബി.വി.പിയുടെ യൂണിറ്റ് മാത്രമാണ് കോളേജില്‍ പ്രവര്‍ത്തിക്കുന്നത്. എസ്.എഫ്.ഐ അനുഭാവിയായ അഭിജിത്ത് കോളേജില്‍ എസ്.എഫ്.ഐയുടെ സംഘടന രൂപീകരിക്കും എന്ന ധാരണയിലാണ് ഇയാളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കോളേജ് കാന്‍റീനിലേയ്ക്ക് ഭക്ഷണം കഴിക്കുവാന്‍ പോയ അഭിജിത്തിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും ഭീക്ഷണിപ്പെടുത്തിയ ശേഷം വിവസ്ത്രനാക്കി മര്‍ദ്ദിച്ചവശനാക്കുകയായിരുന്നതായി അഭിജിത്ത് പറഞ്ഞു. ആഴ്ച തോറും കോളേജില്‍ ചേരുന്നതായി പറയുന്ന ആര്‍.എസ്.എസ് ശാഖയുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യ പ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് അഭിജിത്ത് പറഞ്ഞു. മര്‍ദ്ദനമേറ്റ അഭിജിത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. അഭിജിത്തിന്‍റെ പുസ്തകത്തില്‍ സൂക്ഷിച്ചിരുന്ന ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ട ഒരു സഹപാഠി എ.ബി.വി.പി നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്ന് അഭിജിത്ത് പറഞ്ഞു. എന്നാല്‍ കോളേജില്‍ അഭിജിത്ത് പരാതി നല്‍കിയിരുന്നില്ലെന്നാണ് കോളേജ് അധികൃതരുടെ മറുപടി. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഇന്നലെയാണ് അഭിജിത്ത് പൊലീസില്‍ പരാതി നല്‍കിയതായി അറിയുന്നത്. പാറശാല പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.