യോഗാകേന്ദ്രം: പീഡന വെളിപ്പെടുത്തലുമായി യുവതിയും :പരിശീലകനും
- 07/10/2017

മിശ്രവിവാഹം ചെയ്ത യുവതികളെ തടങ്കലിലാക്കി ദേഹോപദ്രവമേൽപിച്ചെന്ന ആരോപണമുയർന്ന തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാകേന്ദ്രത്തെ സംബന്ധിച്ചു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ജീവനക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ശിവശക്തി യോഗാകേന്ദ്രത്തിൽ നടക്കുന്ന ലൈംഗിക പീഡനമുൾപ്പെടെ താൻ നേരിൽ കണ്ട കാര്യങ്ങൾ വെളിപ്പെടുത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴ പെരുന്പളം സ്വദേശി എ.വി. കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യോഗാ കേന്ദ്രത്തിൽ നേരത്തെ ഇൻസ്ട്രക്ടർ ആയിരുന്നുവെന്നു ഹർജിക്കാരൻ പറയുന്നു. ശിവശക്തി യോഗാ കേന്ദ്രത്തിൽ നടന്ന പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും കുത്സിതനടപടികൾക്കും താൻ സാക്ഷിയാണ്. ഇവിടത്തെ തടങ്കൽ കേന്ദ്രങ്ങൾ ജയിലിനു സമാനമാണ്. തടങ്കലിലാക്കിയ പെണ്‍കുട്ടികളിൽ നിയന്ത്രിക്കാനാവാത്തവരെ മയക്കുമരുന്നുകൾ കുത്തിവയ്ക്കുകയും നേരിട്ടു നൽകുകയും ചെയ്തിരുന്നു. ചൂരലുകൊണ്ട് ക്രൂരമായി അടിക്കുകയും നഗ്നചിത്രങ്ങൾ എടുത്തു കംപ്യൂട്ടറിൽ സൂക്ഷിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു മതങ്ങളെ അവഹേളിക്കുന്ന രീതിയിലാണു ഗുരുജിയും ഇൻസ്ട്രക്ടറായ യുവതിയും കൗണ്‍സിലിംഗ് നടത്തിയിരുന്നത്. ഗുരുജിക്കു തീവ്രവാദ സംഘടനകളുമായും സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഇവരുടെ പേര് വെളിപ്പെടുത്തിയാൽ തന്റെ ജീവൻ അപകടത്തിലാകുമെന്നും ഹർജിയിൽ പറയുന്നു.സ്വന്തമായി ബ്ലാക്ക് ക്യാറ്റുകളും ഗുണ്ടകളുമുള്ള സമാന്തര നിയമസംവിധാനമാണ് ഇവിടെയുള്ളത്. ഇതര മതസ്ഥരുമായുള്ള ബന്ധത്തിൽനിന്ന് ഒഴിയാൻ തയാറല്ലാത്തവരെ സ്വന്തം ജീവനക്കാരെ ഉപയോഗിച്ചു കുടുക്കാൻ ശ്രമിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവാത്തതിനാലാണ് മറ്റു ചിലർക്കൊപ്പം താൻ മൂന്നു വർഷം മുൻപു സ്ഥാപനം വിട്ടത്- ഹർജിക്കാരൻ പറയുന്നു. ഈ വിവരങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാണ്. എന്നാൽ, കോടതിയുടെ നിർദേശമില്ലാതെ പോലീസ് ഈ മൊഴി രേഖപ്പെടുത്തില്ല. യോഗാകേന്ദ്രത്തിൽ പീഡനത്തിനിരയായെന്നു വെളിപ്പെടുത്തി ആദ്യം രംഗത്തു വന്ന തൃശൂർ സ്വദേശിനിയായ ഡോ. ശ്വേതാ ഹരിദാസിന്റെ ഭർത്താവ് റിന്റോ ഐസക് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ കക്ഷി ചേരാനാണു കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.