വാക്സിനേഷൻ: തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നു മുഖ്യമന്ത്രി
- 04/10/2017

തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നു മുഖ്യമന്ത്രി കൊച്ചി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മീസൽസ് , റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. കുറേപേർക്കു രോഗം വരുന്നില്ലായിരിക്കാം. എന്നാൽ രോഗം വരുന്ന കുറച്ചുപേർക്കുകൂടി പ്രതിരോധ ശക്തി നൽകി സുരക്ഷിത ജീവിതം ഉറപ്പാക്കുന്നതിനാണു വാക്സിനേഷൻ നൽകുന്നത്. ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകൾ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങൾക്കു വഴിവയ്ക്കും. ഇത്തരം പ്രചാരണങ്ങൾ നിർഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇതിനു പിന്നിലുള്ളവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണു വാക്സിനുകൾ വികസിപ്പിക്കുന്നത്. എംആർ വാക്സിനുകൾ സുരക്ഷിതവും കാര്യക്ഷമവുമാണെ ന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കു പാർശ്വഫലങ്ങൾ തീരെ കുറവാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒറ്റ വാക്സിനിലൂടെ മീസൽസ് , റുബെല്ല എന്നീ രണ്ടു രോഗങ്ങളെ ചെറുക്കാനുള്ള ആജീവനാന്ത സംരക്ഷണം നൽകുന്നതിനുള്ള കുത്തിവയ്പാണു ചെറിയ പ്രായത്തിൽ കുട്ടികൾക്കു നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും വലിയ പൊതുജനാരോഗ്യ സംരംഭമായി മാറുന്ന എംആർ വാക്സിനേഷൻ ദൗത്യത്തിന് ഏവരുടെയും സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംആർ വാക്സിനേഷനെതിരേ സമൂഹത്തിൽ നടക്കുന്ന വിഡ്ഢിത്തം നിറഞ്ഞ പ്രചാരണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ലോകത്തുടനീളം 1.5 ലക്ഷത്തോളം കുഞ്ഞുങ്ങൾ ഇതു മൂലം പ്രതിവർഷം മരിക്കുന്നുവെന്നാണ് കണക്ക്. 47,000 ത്തോളം കുഞ്ഞുങ്ങൾക്ക് ഇന്ത്യയിൽ ഈ രോഗം ബാധിക്കുന്നു. ജർമൻ മീസൽസ് എന്നറിയപ്പെടുന്ന റുബെല്ല ഇപ്പോൾ കേരളത്തിലും കണ്ടുവരുന്നു. ഗർഭിണികൾക്ക് ഈ രോഗം വന്നാൽ ജനിക്കുന്ന കുഞ്ഞിന് ഗുരുതര ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടാകുകയും ഗർഭം അലസിപ്പോകുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുന്നു. എംആർ വാക്സിൻ എടുക്കുന്നതോടെ ഈ രണ്ട് രോഗങ്ങളിൽനിന്നുള്ള പ്രതിരോധമാണു ലഭിക്കുന്നത്. നവംബർ മൂന്നുവരെ നടക്കുന്ന കാന്പയിനിലൂടെ സമൂഹത്തിലാകെ പൊതു പ്രതിരോധ ശേഷി വികസിപ്പിക്കാനുള്ള കൂട്ടായ ശ്രമമാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. എറണാകുളം കളക്ടർ മുഹമ്മദ് സഫീറുള്ളയുടെ മകൾ ഇക്ര ഷാനത്തിനും ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് ആർഎംഒ ഡോ. ഹനീഷിന്റെ മക്കളായ മുഹമ്മദ് അഹ്സൽ, ഹാല സ്വാലിഹ, ഹനിയ മറിയ, ഹെസ്സ ഹിന്ദ് എന്നിവർക്കും ആദ്യപ്രതിരോധ കുത്തിവയ്പ് നൽകി. ആരോഗ്യകേരളം തീം സോംഗ് സിഡി മുഖ്യമന്ത്രിയിൽനിന്ന് ദേശീയ ആരോഗ്യദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ ഏറ്റുവാങ്ങി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത റിപ്പോർട്ട് അവതരിപ്പിച്ചു.