വോട്ട് വിവിപാറ്റിൽ; വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കും
- 01/10/2017

ന്യൂഡൽഹി: വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജ്യത്തെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വിവിപാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കത്തയച്ചു. മുഴുവൻ തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കമ്മീഷൻ കഴിഞ്ഞ മാർച്ചിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക അറിയിപ്പാണ് പുറത്തുവന്നത്. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലായിരിക്കും വിവിപാറ്റ് ആദ്യമായി ഉപയോഗിക്കുക. പിന്നാലെ ഹിമാചൽ പ്രദേശിലും മധ്യപ്രദേശിലും ഉപയോഗിക്കും. ജമ്മു കാഷ്മീരിലും മലപ്പുറത്തെ വേങ്ങരയിലും നടക്കുന്ന ഉപ തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് ഉപയോഗിക്കുമെങ്കിലും ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനു മൊത്തം വിവിപാറ്റ് ഉപയോഗിക്കുന്നത് ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിലാവും.