രോഹിംഗ്യൻ എല്ലാവരുടെയും വിഷയം: ശശി തരൂർ എംപി
- 01/10/2017

തിരുവനന്തപുരം: രോഹിംഗ്യൻ അഭയാർഥി പ്രശ്നം എല്ലാവരും ജീവിക്കുന്ന ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള വിഷയമാണെന്നു ശശി തരൂർ എംപി. കേസരി സ്മാരകത്തിൽ കെപിസിസി വിചാർ വിഭാഗ് സംഘടിപ്പിച്ച രോഹിൻഗ്യൻ ഐക്യദാർഢ്യ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏതുവിധത്തിലുള്ള ഭാരതത്തിലാണു നാം ജീവിക്കാൻ പോകുന്നതെന്ന ചോദ്യമാണ് രോഹിംഗ്യൻ പ്രശ്നം നമ്മുടെ മുന്നിൽ ഉന്നയിക്കുന്നത്. ഈ വിഷയം എല്ലാവരുടെയും വിഷയമായി മാറാൻ പോകുന്നു. ഇത് ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ വിഷയം മാത്രമല്ല. അതിനാൽ അവർക്കു വേണ്ട പിന്തുണ നൽകാൻ എല്ലാവരും മുന്നോട്ടുവരണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. ബർമയുടെ തീരപ്രദേശത്ത് 200 വർഷമായി താമസിക്കുന്ന രോഹിംഗ്യകളെ ബംഗ്ലാദേശിൽനിന്ന് ബ്രിട്ടീഷുകാർ ജോലിക്കായി കൊണ്ടുപോയതാണ്. ഇന്ത്യാ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്കു പോകണമെന്ന് ഇവരിൽ ഒരു വിഭാഗം ആഗ്രഹിച്ചു. ഇപ്പോൾ ബർമീസ് സൈന്യം ഇവരെ ആക്രമിക്കുകയാണ്. ഇവരിൽ ചിലർ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചതായി മാത്രമാണ് സൈന്യം ആരോപിക്കുന്ന കുറ്റം. എന്നാൽ, രോഹിംഗ്യൻ ഭീകരവാദികളാണെന്നതിനു യാതൊരു തെളിവും സർക്കാരിന്റെ കൈയിലില്ല. യാതൊരു പരിശോധനയും നടത്താതെയാണ് ഇവർ അഭയാർഥികളല്ല, കുടിയേറ്റക്കാരാണെന്നാണ് കേന്ദ്രം പറയുന്നത്. നാളെ ഇന്ത്യയിൽ കഴിയുന്ന ആരെയും പുറംതള്ളാൻ ഇതു വഴിവയ്ക്കും. അഭയാർഥികളെ തിരികെ പ്രവേശിപ്പിക്കുന്നതിനു മ്യാൻമറിനു പത്ത് ലക്ഷം ഡോളർ നൽകുമെന്നാണു കേന്ദ്ര വിദേശകാര്യമന്ത്രി പറയുന്നത്. ഇതു രാജ്യത്തിനു നാണക്കേടാണ്. ഇന്ത്യയുടെ പേരും പെരുമയും അന്താരാഷ്ട്ര സമൂഹത്തിൽ മോശമാക്കുന്ന നടപടിയാണിതെന്നും ശശി തരൂർ കുറ്റപ്പെടുത്തി. ഇന്ത്യയിലുള്ള 40,000 രോഹിൻഗ്യൻ അഭയാർഥികൾ നിയമവിരുദ്ധമായി കുടിയേറിവരാണെന്നാണു കേന്ദ്രസർക്കാരിന്റെ വാദം. ഇന്ത്യയിൽ അഭയാർഥി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക നിയമമോ ട്രൈബ്യൂണലോ ഇല്ല. അതിനാൽ സർക്കാരിന്റെ ഇഷ്ടം പോലെ അഭയാർഥികളെ കൈകാര്യം ചെയ്യാനാകും. അഭയാർഥികളെ ബലംപ്രയോഗിച്ച് അവരുടെ രാജ്യത്തേക്കു തിരികെ അയയ്ക്കാൻ പാടില്ലെന്നാണു രാജ്യാന്തര മാനദണ്ഡം. അതുകൊണ്ടുതന്നെ സുപ്രീംകോടതി കേന്ദ്ര നിലപാട് അംഗീകരിക്കില്ലെന്നാണു പ്രതീക്ഷയെന്നും തരൂർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുലാബ്ദീൻ, പി.കെ. വേണുഗോപാൽ, പ്രഫ. വി.എൻ മുരളി, വിനോദ്സെൻ, വീണാ നായർ തുടങ്ങിയവർ പ്രസംഗിച്ചു.