മോദിഭരണത്തിനെതിരായ വികാരം ശക്തിപ്പെടുന്നു: യെച്ചൂരി
- 25/09/2017

മോദിഭരണത്തിനെതിരായ വികാരം യുവജനങ്ങളിലും വിദ്യാർഥികളിലും ശക്തിപ്പെടുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സാമൂഹ്യമാധ്യമങ്ങളിൽ മോദിക്കുവേണ്ടി തുടരുന്ന പ്രചാരണങ്ങൾ വ്യർഥമാണെന്നും രാജ്യത്തെ യാഥാർഥ്യം മറിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാർടികളുടെ സമ്മേളനത്തിനു സമാപനംകുറിച്ചു മറൈൻഡ്രൈവിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. ബഹുസ്വരവും മതനിരപേക്ഷവുമായ ഇന്ത്യയെ രാഷ് ട്രീയലാഭവും തെരഞ്ഞെടുപ്പുനേട്ടവും ലക്ഷ്യമിട്ടു മോദി സർക്കാർ തകർക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അതിന്റെ ദുരിതം അനുഭവിക്കുന്നു. സർജിക്കൽ സ്ട്രൈക്കിനുശേഷം കൊല്ലപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായി. കാഷ്മീർതാഴ്വര മൂന്നുവർഷമായി എരിയുകയാണ്. രാജ്യത്ത് മോദിഭരണത്തിന്റെ പടിയിറക്കത്തിനു തുടക്കമായെന്നും അദ്ദേഹം പറഞ്ഞു.