പഞ്ചാബിൽ മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
- 25/09/2017

പഞ്ചാബിലെ മുതിർന്ന മാധ്യമപ്രവർത്തകനെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള പത്രങ്ങളിൽ ന്യൂസ് എഡിറ്ററായിരുന്ന കെ.ജെ. സിംഗിനെയും (74) അമ്മ തൊണ്ണൂറ്റിരണ്ടുകാരിയായ ഗുർചരണിനെയുമാണു മൊഹാലിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിംഗിന്റെ കഴുത്തറത്ത നിലയിലാണ്. അമ്മ ഗുർചരൺ കൗറിനെ കഴുത്തു ഞെരിച്ചാണു കൊലചെയ്തതെന്നും കരുതുന്നു. ഇന്നലെ രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക വക്താവ് അറിയിച്ചു. ഇരുവരുടെയും കഴുത്തിൽ ആഴത്തിൽ മുറിപ്പാടുണ്ടായിരുന്നുവെന്ന് മൊഹാലി ഡിഎസ്പി അലാം വിജയ് സിംഗ് പറഞ്ഞു. ഇരട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ കുറ്റാന്വേഷണവിഭാഗം ഐജിയുടെ നേതൃത്വത്തിൽ പഞ്ചാബ് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതുസംബന്ധിച്ചു ഡിജിപി സുരേഷ് അറോറയ്ക്കു മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിർദേശം നൽകി. കെ.ജെ. സിംഗ് ഇന്ത്യൻ എക്സ്പ്രസിനു പുറമേ ദി ട്രിബ്യൂൺ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിലും ജോലി ചെയ്തിരുന്നു. ബംഗളൂരുവിലെ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച സംഭവത്തിന്റെ അലയൊലികൾ അടങ്ങും മുന്‍പേയാണു മൊഹാലിയിലെ ദുരന്തവാർത്ത. ജെ.കെ. സിംഗിന്റെയും അമ്മയുടെയും ദേഹവിയോഗത്തിൽ പഞ്ചാബിലെയും ചണ്ഡിഗഡിലെയും മാധ്യമസമൂഹം അതീവദുഃഖം രേഖപ്പെടുത്തി.