ദിലീപുംകാവ്യയും വിവാഹിതരായി
- 06/12/2016

കൊച്ചി: മലയാള സിനിമയിലെ ഭാഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചു. ഇരുവരുടെയും വിവാഹം ഏറെ നാളായി പറഞ്ഞു കേട്ടിരുന്നതാണ്. എന്നാൽ, അതിനെ എല്ലാം തള്ളിക്കൊണ്ട് പല തവണ ദിലീപും കാവ്യയും രംഗത്തുവന്നിരുന്നു. മഞ്ജുവാര്യരുമായുള്ള വിവാഹമോചനത്തിനു ശേഷം ഇവരുടെ മകൾ മീനാക്ഷി സമ്മതിച്ചാൽ മാത്രമെ ഇനി ഒരു വിവാഹമുള്ളുവെന്നു ദിലീപ് പല തവണ പറഞ്ഞിരുന്നു. ഇപ്പോൾ മകൾ മീനാക്ഷിയുടെ പിന്തുണ ലഭിച്ചതിനാലാണ് വിവാഹമെന്നു ദിലീപ് ഫേസ് ബുക്കിലൂടെ വ്യക്‌തമാക്കുകയും ചെയ്തു.മുമ്പ് പലതവണ ഇവർ തമ്മിൽ വിവാഹിതരായി എന്നു വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞതാണ്. എന്നാൽ, ഇന്ന് അതിനെല്ലാം വിരാമിട്ട് അവർ വിവാഹിതരായിരിക്കുന്നു. ഇനി ഗോസിപ്പ് കോളങ്ങളിൽ നിന്ന് ഇവരുടെ പേരുകൾ വെട്ടാം.നടി മഞ്ജുവാര്യരുമായി ആയിരുന്നു ദിലീപിന്റെ ആദ്യവിവാഹം. 1998–ലായിരുന്നു ഏറെ ആഘോഷിച്ച ആ താരവിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. 2014–ൽ ഇവർ സംയുക്‌തമായി വിവാഹമോചന ഹർജി നൽകുകയായിരുന്നു. തുടർന്ന് 2015 ജനുവരി 31ന് ഇരുവരും നിയമപരമായി വേർപിരിഞ്ഞു.2009–ൽ കാവ്യാമാധവനും ബാങ്ക് ഉദ്യോഗസ്‌ഥനുമായ നിശാൽ ചന്ദ്രയും തമ്മിൽ വിവാഹിതരാകുന്നത്. തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടുനിന്ന കാവ്യ വിവാഹജീവിതത്തിൽ നിന്ന് വേർപിരിയുകയും വീണ്ടും സിനിമയിൽ സജീവമാകുകയും ചെയ്തു. നേരത്തെ മുതൽ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മഞ്ജുവാര്യരുമായുള്ള വിവാഹമോചനത്തിന് പിന്നിൽ കാവ്യ–ദിലീപ് ബന്ധമാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നെങ്കിലും ഇതെല്ലാം നുണയാണെന്ന് താരങ്ങൾ തന്നെ വ്യക്‌തമാക്കുകയും ചെയ്തു.അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 21 സിനിമകളിലാണ് താര ജോഡികൾ ഇതുവരെ ഒന്നിച്ചിട്ടുള്ളത്. ഗോസിപ്പുകൾ നിറഞ്ഞുനിന്നപ്പോഴും മകളുടെ സമ്മതത്തോടു കൂടി മാത്രമേ ഇനി ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കുകയുള്ളു എന്ന് ദിലീപ് വ്യക്‌തമാക്കിയിരുന്നു. ദിലീപിന്റെ വിവാഹ വാർത്തകൾ പല തവണ സമൂഹ മാധ്യമങ്ങളിൽ വാർത്തയായപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുകളുടെയും അനുമതിയോടെ എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കും വിവാഹമെന്ന് ദിലീപ് അറിയിച്ചിരുന്നു. ഒരു രഹസ്യ സ്വഭാവവും തന്റെ വിവാഹത്തിനുണ്ടാവുകയില്ലെന്ന് പലവട്ടം ആവർത്തിച്ചു. ഈ വാക്ക് പാലിച്ചാണ് ദിലീപ് തന്റെ വിവാഹവാർത്ത ഇന്ന് രാവിലെ ഫേസ് ബുക്കിലൂടെ പരസ്യമാക്കിയത്