മഴ മറയാക്കി കണ്ണൂർ കളക്ടറേറ്റിൽ കവർച്ച
- 19/09/2017

കണ്ണൂർ കളക്ടറേറ്റിൽ വ്യാപക കവർച്ച. കളക്ടറേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽനിന്ന് 1500 രൂപയും കളക്ടറേറ്റ് കാന്റീനിൽനിന്ന് 20,000 രൂപയും മോഷണംപോയി. ഗ്രാമവികസന വകുപ്പിനു കീഴിലുള്ള അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിട്ടായിരുന്നു മോഷണം. ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിന്റെ കംപ്യൂട്ടർ റൂമിന്റെ പൂട്ടുപൊളിച്ചു. ആർടി ഓഫീസിന് സമീപത്തെ മിൽമ ബൂത്തിൽനിന്ന് 100 രൂപയും കവർന്നു. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. കളക്ടറേറ്റിൽ നടന്ന മോഷണം ജില്ലാ ഭരണകൂടത്തെയും പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.ജില്ലാ പോലീസ് ആസ്ഥാനവും ഇതിനു തൊട്ടടുത്താണ്. ഞായറാഴ്ച രാത്രി കനത്തമഴ പെയ്ത സമയത്താണ് മോഷണം നടന്നതെന്നു കരുതുന്നു. കളക്ടറേറ്റ് കാന്റീനിന്റെ പഴയകെട്ടിടത്തിന്റെ പൂട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാവ് പുതിയ കെട്ടിടത്തിലെ ജനലിന്റെ അഴി മുറിച്ചുമാറ്റുകയായിരുന്നു.