ഭാവിയെക്കുറിച്ചു സ്വപ്നങ്ങൾ ഉണ്ടായിരിക്കണം: മുഖ്യമന്ത്രി
- 13/09/2017

: പുതുതലമുറയ്ക്കു ഭാവിയെക്കുറിച്ചു സ്വപ്നങ്ങൾ ഉണ്ടായിരിക്കണമെന്നും അല്ലെങ്കിൽ നിരാശയിൽ കഴിയേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നം കാണുന്നതോടൊപ്പം അതു യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങളുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) കൊച്ചി ലേ മെറിഡിയനിൽ സംഘടിപ്പിച്ച യുവ സംരംഭകത്വ ശിൽപശാലയായ യേസ് ത്രി ഡി 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച വ്യവസായ, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണു ശ്രമം. സംരംഭകർക്കു ഫണ്ട് ലഭ്യമാകുന്നതിലുള്ള സങ്കീർണതകളും തടസങ്ങളും പരിഹരിച്ചു. കെഎസ്ഐഡിസിയും കെഎഫ്സിയും ചേർന്നു 1375 കോടിയുടെ ധനസഹായമാണു ചെറുകിട സംരംഭകർക്കു കരുതിവച്ചിട്ടുള്ളത്. ഇതിൽ സ്റ്റാർട്ടപ്പുകൾക്കു മാത്രം 70 കോടി മാറ്റിവച്ചിട്ടുണ്ട്. അസീമോ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത റോബോട്ട് വേദിയിലെത്തി കൈമാറിയ ടാബ് ഉപയോഗിച്ച് യേസ് ത്രീ ഡി 2017 ന്റെ പ്രമേയചിത്രം പ്രദർശിപ്പിച്ചാണു മുഖ്യമന്ത്രി സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. വ്യവസായമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പുതിയ സംരംഭകർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പിന്തുണ ലഭ്യമാക്കാൻ അകമഴിഞ്ഞ പിന്തുണയാണു സർക്കാർ നൽകിവരുന്നതെന്നും വ്യവസായമന്ത്രി അധ്യക്ഷപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.