മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
- 12/09/2017

മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്ക്കും ജനറൽ സെക്രട്ടറി ആർ.വി. ബാബുവിനുമെതിരേ പറവൂർ പോലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പു പ്രകാരമാണു ഇരുവർക്കുമെതിരേ കേസെടുത്തത്. വെള്ളിയാഴ്ച രാത്രി ഹിന്ദു ഐക്യവേദി പറവൂരിൽ നടത്തിയ സ്വാഭിമാന റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ എഴുത്തുകാർക്കെതിരേ കെ.പി. ശശികല നടത്തിയ പരാമർശങ്ങളാണു വിവാദമായത്. ശശികലയ്ക്കു മുൻപ് പ്രസംഗിച്ച ആർ.വി. ബാബു വി.ഡി. സതീശൻ എംഎൽഎയ്ക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരേ വി.ഡി. സതീശൻ ഡിജിപിക്കും ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. പ്രസംഗം പരിശോധിച്ചശേഷം നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ എറണാകുളം റൂറൽ എസ്പിക്കു നിർദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പ്രഫുല ചന്ദ്രന്റെ നേതൃത്വത്തിൽ ശശികല വടക്കൻ പറവൂരിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഓഡിയോ ക്ലിപ്പുകളും ശേഖരിച്ച് പ്രാഥമിക പരിശോധനകൾ നടത്തി. ക്ലിപ്പുകൾ വിശദമായി പരിശോധിച്ചശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കുമെന്നു നോർത്ത് പറവൂർ സിഐ ക്രിസ്പിൻ സാം പറഞ്ഞു. എറണാകുളം റൂറൽ എസ്പി എ.വി. ജോർജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. മതസ്പർധ ഉളവാക്കുന്നതും എഴുത്തുകാർക്കു നേരെ വധഭീഷണി ഉയർത്തുന്നതുമായ പ്രസംഗം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് കെ.പി. ശശികലയ്ക്കും ആർ.വി. ബാബുവിനുമെതിരേ വി.ഡി. സതീശൻ പരാതി നൽകിയത്.