കടകംപള്ളിക്കു യാത്രാവിലക്ക്: മോദിക്കു മുഖ്യമന്ത്രിയുടെ കത്ത്
- 09/09/2017

ന്യൂഡൽഹി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. സംസ്ഥാന മന്ത്രിക്ക് അനുമതി നിഷേധിച്ചത് നിരാശാജനകമാണെന്നും മുഖ്യമന്ത്രി മോദിക്കുള്ള കത്തിൽ ആരോപിക്കുന്നു. യുഎൻ എജൻസിയായ ലോക ടൂറിസം ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാനായിരുന്നു മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയിരുന്നത്. എന്നാൽ കാരണം ബോധിപ്പിക്കാതെ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. ഈ മാസം 11 മുതൽ 16 വരെയാണ് യോഗം. കേരളത്തിൽനിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു. ഇന്ത്യയിൽനിന്നു പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഏക മന്ത്രിയും കടകംപള്ളിയാണ്. ബാക്കിയുള്ളവർ ഉദ്യോഗസ്ഥ തലത്തിൽ പ്രവർത്തിക്കുന്നവരാണ്. അനുമതി നിഷേധത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ അനുമതി നിഷേധിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ചൈന സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തിയതിനു പിന്നാലെയാണ് കേരളത്തിൽനിന്നുള്ള മന്ത്രിക്ക് യാത്രാനുമതി നിഷേധിക്കുന്നത്.