ഓണം അവധിക്കാലത്ത് വീടുകൾ അടച്ചിട്ട് പോകുന്നവർ പോലീസിന്റെ നിർദേശങ്ങൾ പാലിക്കണം
- 04/09/2017

വീടുകൾ അടച്ച് ദൂരയാത്ര പോകുന്നവർ പോലീസ് സ്റ്റേഷനിൽ കൃത്യമായും വിവരം അറിയിക്കണം. കൂടാതെ ബീറ്റ് പോലീസ് ഓഫീസറെയും ബീററ് സമിതി അംഗങ്ങളെയും ഇക്കാര്യം ധരിപ്പിക്കണം. അനാവശ്യ ലൈറ്റുകളും മറ്റും ഓഫാക്കുക. പകൽ ലൈറ്റ് ഒരു കാരണവശാലം ഓണാക്കി ഇടരുത്. തുമ്പ, പിക്കാസ് തുടങ്ങിയ കാർഷിക ഉപകരണങ്ങൾ വീടിന് അകത്ത് തന്നെ സൂക്ഷിക്കണം. പുറത്തിടാൻ പാടില്ല. ഗേറ്റുകൾ പരമാവധി പുറത്തുനിന്ന് പൂട്ടാതെ ശ്രദ്ധിക്കണം. പത്രവും മറ്റും നൽകുന്ന ഏജന്റുമാരോട് തിരികെ വരുന്നത് വരെ ഇടാതിരിക്കാൻ പറയുക. അഥവാ ഇടുന്നെങ്കിൽ ഒന്നിലധികം ദിവസത്തെ പത്രങ്ങൾ വീടിന്റെ വാതിലിൽ കിടക്കാതിരിക്കുന്ന സംവിധാനം ചെയ്യുക. പണവും സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും യാത്രപോകുമ്പോൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക. ഒരു കാരണവശാലും ഇവ വീടിനുള്ളിൽ വയ്ക്കരുത്. സിസിടിവി സൗകര്യമുള്ള വീടാണെങ്കിൽ അത് ഇന്റർനെറ്റിൽ കണക്ട് ചെയ്ത് മൊബൈൽ ഫോൺ വഴി തൽസമയം കാണത്തക്കവിധം ക്രമീകരിക്കണം. പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയോ ബീറ്റ് ഓഫീസറെയോ നേരിൽക്കണ്ട് താൽക്കാലിക പട്ടാപുക്ക്–ബീറ്റ് ബുക്ക് സംവിധാനം ഏർപ്പെടുത്തണം. വീടിന്റെ മുൻവാതിലിലും പിൻവാതിലിലുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കണം. കൂടാതെ ജനലുകളും വീടിനുള്ളിലേയും പുറത്തേയ്ക്കുമുള്ള എല്ലാ വാതിലുകളും ശരിയായി അടച്ച് കുറ്റിയിട്ട് സുരക്ഷ ഉറപ്പ് വരുത്തുക. വാഹനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് ലോക്ക് ചെയ്ത് പെട്ടെന്ന് എടുത്തുകൊണ്ട് പോകാൻ പറ്റാത്ത വിധത്തിൽ പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങൾക്ക് ഹാന്റിൽ ലോക്കും അഡീഷണൽ ലോക്ക് നൽകാൻ കഴിയുമെങ്കിൽ അതും ചെയ്യണം.