റവന്യൂ വകുപ്പിൽ അഴിമതിക്കാർ ഉണ്ട് ;അതിനു മാറ്റം വരണം ;.മോട്ടിലാല്‍
- 20/08/2017

തിരുവനന്തപുരം ;;;കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച 'നേരിനൊപ്പം ജനങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന സൗഹൃദ സംഗമവും ജോയിന്‍റ് കൗണ്‍സില്‍ നെയ്യാറ്റിന്‍കര മേഖല കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനവും സംസ്ഥാന ചെയര്‍മാന്‍ ജി.മോട്ടിലാല്‍ നിര്‍വഹിച്ചു. ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേകിച്ചും റവന്യൂ ജീവനക്കാര്‍ പൊതു സമൂഹത്തിന്‍റെ മുന്നില്‍ തെറ്റുകാരനായി തലകുനിച്ചു നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നതായി ചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തില്‍ മോട്ടിലാല്‍ പറഞ്ഞു. ജീവനക്കാരില്‍ ഒരു ചെറു ന്യൂനപക്ഷം അഴിമതിക്കാരാകാം. ഇവര്‍ കാണിക്കുന്ന അഴിമതി മുഴുവന്‍ ജീവനക്കാരിലും കളങ്കമായി മാറുന്നു. വില്ലേജ് ഓഫീസുകളിലെ ജോലി ഭാരം കൂടിവരുന്നതായും സ്റ്റാഫ് പാറ്റേണ്‍ 1972 ലേതാണെന്നും പഴയ ചട്ടങ്ങളും നിയമങ്ങളുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന തെന്നും അത്തരം നിയമങ്ങളിലെ പഴുതുകളിലൂടെയാണ് അഴിമതി കടന്നുവരുന്നതെന്നും മോട്ടിലാല്‍ അഭിപ്രായപ്പെട്ടു. അഴിമതിക്കാരെ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്നും എല്ലാവരും അഴിമതിക്കാരാണെന്ന ചര്‍ച്ച ഒഴിവാക്കപ്പെടണമെന്നും ഓഫീസുകള്‍ പൊതു ജന സൗഹൃദമായി മാറണമെന്നും പൊതു സമൂഹത്തിന്‍റെ വിശ്വാസ്യത ഏറ്റെടുക്കണമെന്നും മോട്ടിലാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ ജീവനക്കാര്‍ എങ്ങനെ ഇടപെടുന്നു എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ജീവനക്കാര്‍ക്ക് ജോലി ഭാരം ഉണ്ടെങ്കിലും സമയബന്ധിതമായി പൊതു ജനത്തിന്‍റെ ആവശ്യം പരിഹരിക്കപ്പെടാതെ വരുമ്പോഴാണ് അക്രമവും മറ്റ് പ്രശ്നങ്ങളുമുണ്ടാകുന്നതെന്നും അത് ആലോചനാ വിഷയമാക്കണമെന്നും അഭിവാദ്യ പ്രസംഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം സെക്രട്ടറി എന്‍.അയ്യപ്പന്‍നായര്‍ പറഞ്ഞു. ജോയിന്‍റ് കൗണ്‍സില്‍ മേഖലാ പ്രസിഡന്‍റ് സന്തോഷ്കുമാറി ന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോയിന്‍റ് കൗണ്‍സില്‍ നേതാക്കളായ കെ.പി.ഗോപകുമാര്‍ , എം.എം.നജീം , പി.ശ്രീകുമാര്‍ , മധുസുദനന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.