വീഡിയോ ;; ഉത്തർപ്രദേശിൽ ഓക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു
- 11/08/2017

ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 മണിക്കൂറിനിടെയാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ഓക്സിജൻ തീർന്നു പോയതാണു മരണകാരണം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന ഏജൻസി കഴിഞ്ഞദിവസം രാത്രി ഇത് അവസാനിപ്പിച്ചിരുന്നു. ഇതേതുടർന്ന് മൂന്നു വാർഡുകളിലായി ചികിത്സയിലുണ്ടായിരുന്ന 20 കുട്ടികൾ മരിച്ചു. ഇവരിൽ കൂടുതലും മസ്തിഷ്കവീക്കത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്നവരാണ്. ഇതിനുശേഷവും ഓക്സിജൻ വിതരണം പൂർവസ്ഥിതിയിലാകാതിരുന്നതിനെ തുടർന്ന് 10 കുഞ്ഞുങ്ങൾ കൂടി മരണത്തിനു കീഴടങ്ങുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗൊരഖ്പുർ. രണ്ടു ദിവസം മുന്പ് മുഖ്യമന്ത്രി യോഗി പ്രവർത്തനങ്ങൾ വിലയിരുത്താൻ ഈ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദുരന്തമുണ്ടായത്. ദുരന്തത്തെ കുറിച്ച് സർക്കാർ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓക്സിജൻ വിതരണം ചെയ്യുന്ന കന്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ കുടിശിക വരുത്തിയതിനെ തുടർന്നാണ് അവർ ഓക്സിജൻ വിതരണം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും ആശുപത്രി ഇത് അവഗണിക്കുകയായിരുന്നു. ആശുപത്രിയിലെ ടെക്നീഷ്യൻമാർ ഓക്സിജന്റെ അളവ് കുറയുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്