കൊലപാതകം: സിപിഎമ്മിനു പങ്കില്ലെന്നു കോടിയേരി
- 31/07/2017

തിരുവനന്തപുരം: ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മിനു യാതൊരു പങ്കുമില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക്രമസമാധാനം തകർക്കുന്ന വിധത്തിൽ അക്രമം നടത്തുന്നവർക്കു സിപിഎം പരിരക്ഷ ലഭിക്കില്ല. ക്രമസമാധാനം ഉറപ്പു വരുത്തുകയാണു പാർട്ടി നിലപാടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ലംഘിക്കുന്നവർക്കു സംരക്ഷണമുണ്ടാകില്ലെന്നതിന്റെ തെളിവാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചവർക്കെതിരേ കൈക്കൊണ്ട നടപടി. ശ്രീകാര്യം കൊലപാതക കേസിലെ പ്രതിയായ മണിക്കുട്ടൻ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചയാളാണ്. കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെ ഒട്ടേറെ കേസുകളിൽ പ്രതിയായിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷും മണിക്കുട്ടനും തമ്മിൽ നേരത്തേ പ്രശ്നമുണ്ട്. മണിക്കുട്ടന്റെ പിതാവ് തങ്കമണി ഐഎൻടിയുസി പ്രവർത്തകനാണ്. പിടിയിലായ മറ്റൊരാൾ ബിഎംഎസ് പ്രവർത്തകന്റെ മകനാണ്. വിവിധ രാഷ്ട്രീയകക്ഷികളുമായി ബന്ധമുള്ളവരാണു കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായിട്ടുള്ളത്. ഇതു സിപിഎമ്മിന്റെ തലയിൽ കെട്ടിവച്ച് കേരളമാകെ ഹർത്താൽ സംഘടിപ്പിച്ചു കുഴപ്പം സൃഷ്ടിക്കാനാണ് ആർഎസ്എസ്- ബിജെപി ശ്രമം. പ്രാദേശിക പ്രശ്നം പ്രാദേശികമായി പരിഹരിക്കുന്നതിനു പകരം സംസ്ഥാനമാകെ കുഴപ്പമുണ്ടാക്കുക എന്ന രാഷ്ട്രീയ ഗൂഢോദ്ദേശ്യമാണു ഹർത്താലിനു പിന്നിൽ.