രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 11 പേർ പിടിയിൽ
- 31/07/2017

തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി മണികണ്ഠൻ ഉൾപ്പെടെ പതിനൊന്നു പേർ പിടിയിൽ. മണികണ്ഠനെ കൂടാതെ വിജിത്ത്, സാജു, അരുണ്‍, ഷൈജു, ഗിരീഷ്, രാജേഷ്, മഹേഷ്, വിഷ്ണു, വിപിൻ, മോനി എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തിട്ടുള്ളവരും ഇവരെ സഹായിച്ചവരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. എആർ ക്യാമ്പിലെത്തിച്ച പ്രതികളെ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച രാത്രി കൊലയ്ക്കു ശേഷം പ്രതികൾ കാട്ടാക്കട ഭാഗത്തേക്കു കടന്നതായി പോലീസിനു രാത്രിതന്നെ വിവരം ലഭിച്ചിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇതു വ്യക്തമായത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണു പ്രതികൾ പുലിപ്പാറയിലെ റബർ തോട്ടത്തിനു നടുവിലുള്ള വീട്ടിൽ നിന്നു പിടിയിലായത്. മണികണ്ഠന്റെ സുഹൃത്ത് സാജുവിന്റെ കാട്ടാക്കട പുലിപ്പാറയിലുള്ള വീടിനു സമീപത്തു നിന്ന് ഇന്നലെ പുലർച്ചെ പ്രതികളുടെ മൂന്ന് ബൈക്കുകൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു പൾസർ ബൈക്കുകളും ഒരു ഫോർഎസ് ചാമ്പ്യൻ ബൈക്കുമാണു പോലീസ് കണ്ടെത്തിയത്. വാഹനത്തിൽ രക്തക്കറയുള്ളതായി സ്ഥിരീകരിച്ച പോലീസ് സാജുവിനോട് ഇക്കാര്യം അന്വേഷിച്ചെങ്കിലും ചിലർ ഇവിടെയെത്തി ബൈക്കുകൾ വച്ചശേഷം കാറിൽ കയറി പോയെന്നായിരുന്നു മൊഴി. ഇതിനിടെ നെയ്യാർഡാം ഭാഗത്തുനിന്നു പ്രതികളിലൊരാളായ അരുണ്‍ പിടിയിലാവുകയും ചോദ്യം ചെയ്തപ്പോൾ പ്രതികൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് പോലീസിന് കൂടുതൽ വിവരം ലഭിക്കുകയുമായിരുന്നു. ഏറെനേരത്തെ തെരച്ചിലിനൊടുവിൽ പുലിപ്പാറയിലെ റബർ തോട്ടത്തിനു നടുവിൽ സാജുവിന്റെ കുടുംബവീടായ ഗ്രേസ് വില്ലയിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവിടെ ആൾത്താമസമില്ല. പോലീസും നാട്ടുകാരും ചേർന്ന് വീടു വളഞ്ഞ് പ്രതികളെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടിരക്ഷപ്പെടാൻ ശ്രമം നടത്തി. തുടർന്നു പോലീസും നാട്ടുകാരും ചേർന്നു പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. സമീപത്തെ സിഎസ്ഐ പള്ളിയിലേക്ക് പ്രതികൾ ഓടിക്കയറിയെങ്കിലും ആരാധന നടന്നുകൊണ്ടിരുന്നതിനാൽ പ്രതികൾക്ക് ഒളിക്കാൻ കഴിഞ്ഞില്ല. പിന്തുടർന്നെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടി. വിപിൻ, മോനി എന്നിവർ വൈകുന്നേരമാണ് പോലീസിന്റെ പിടിയിലായത്. മണികണ്ഠന്റെ പേരിൽ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. ഇയാൾക്കെതിരെ 2008 ൽ പോലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.