പനി മരണം തുടരുന്നു , കുട്ടികൾ ഉൾപ്പെടെ ആറു മരണം;;മരണക്കവിതയുമായി കവികൾ
- 04/07/2017

തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമ്പോഴും സംസ്ഥാനത്തു പനി ബാധിച്ചു ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. ഇന്നലെ കുട്ടികൾ ഉൾപ്പെടെ ആറു പേർ പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ഇർഫാന(14), ചാല സ്വദേശി രാജേന്ദ്രൻ (22) എന്നിവർ ഡെങ്കിപ്പനി ബാധിച്ചും കാഞ്ഞിരംപാറയിൽ ആദിത്യൻ(7), നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശി സതീഷ് (18), കോഴിക്കോട് ചെറുവാടിയിൽ ഏഴുവയസുകാരനായ ജെറാൾഡ്, എച്ച്1എൻ1 ബാധിച്ച് തൃശൂർ ഒല്ലൂർ സ്വദേശിനി ശോഭ (57) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 28,418 പേർ പനി പിടിപെട്ടു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 4101 പേരും മലപ്പുറം ജില്ലയിലാണ്. ഡെങ്കിപ്പനി ബാധയെ തുടർന്ന് ചികിത്സ തേടിയ 678 പേരിൽ 227 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 87 പേരും തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. ഒൻപതുപേർക്ക് എച്ച്1എൻ1ഉം ഏഴു പേർക്ക് എലിപ്പനിയും നാലുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴിഞ്ഞാൽ കൊല്ലത്താണു ഡെങ്കി ബാധിതർ കൂടുതലുള്ളത്. 59 പേർക്കു കൊല്ലത്ത് ഡെങ്കി സ്ഥിരീകരിച്ചു.