ആദൂർ CI.സിബി തോമസിനെ SI ആക്കിയ സംഭവം ;പ്രതികാരമോ ....
- 02/07/2017

കാസർഗോഡ്;ആദൂർ CI.സിബി തോമസിനെ SI ആക്കിയ സംഭവം ;പ്രതികാരമോ ..........സിനിമയിൽ എസ്ഐ, ജീവിതത്തിൽ സിഐ....... കാസർഗോഡ്: ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’എന്ന സിനിമ തുടക്കം മുതൽതന്നെ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ ഫഹദിനും സുരാജിനും അലൻസിയർക്കുമൊപ്പം കൈയടി നേടുന്നവരിൽ എസ്ഐ സാജൻ മാത്യുവുമുണ്ട്. ഈ പുതുമുഖ താരം ശരിക്കും പോലീസുകാരൻ തന്നെയാണ്. കാസർഗോഡ് ജില്ലയിലെ ആദൂർ സിഐ സിബി തോമസാണ് സിനിമയിലെ എസ്ഐ കഥാപാത്രത്തെ ഉജ്ജ്വലമാക്കി കരഘോഷം ഏറ്റുവാങ്ങുന്നത്. മാലോം ചുള്ളി സ്വദേശിയായ സിബിക്ക് അഭിനയം രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. മാലോത്ത് കസബ ഗവ. സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ നാടകവേദിയിൽ സിബി സജീവമായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ തുടർച്ചയായി മൂന്നുവർഷം മികച്ച നടനുള്ള സമ്മാനം നേടി. യൂണിവേഴ്സിറ്റി തലത്തിലും മികച്ച നടനുള്ള കിരീടം ചൂടി. സിനിമാമോഹം നെഞ്ചിലേറ്റിയ സിബിയുടെ ലക്ഷ്യം പിന്നീട് ഏതൊരാളെയും പോലെ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. ഇവിടെ സിനിമാറ്റോഗ്രഫി കോഴ്സിന് എൻട്രൻസ് പരീക്ഷ പാസാകുകയും ഒരാഴ്ചത്തെ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇന്റർവ്യൂവിൽ വിജയിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് സിനിമാ മോഹം പൂർണമായും ഉപേക്ഷിച്ച് പോലീസ് സർവീസിൽ ചേർന്നു. ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടതിനെത്തുടർന്നാണ്, സിബി പഴയ സിനിമാമോഹം വീണ്ടും പൊടിതട്ടിയെടുത്തത്. ഓഡിഷൻ ടെസ്റ്റ് വിജയിച്ചു. പോലീസ് കഥാപാത്രമാണെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തിൽ തനിക്ക് ഒരു ഡയലോഗ് പോലുമുണ്ടാകില്ലെന്നാണ്ആദ്യം കരുതിയിരുന്നതെന്ന് സിബി പറഞ്ഞു. എൻമകജെ പഞ്ചായത്തിലെ ഷേണിയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ‘ഫഹദിനെയും അലൻസിയറെയും പോലുള്ള നടന്മാരുടെ പിന്തുണ ഏറെ ഗുണംചെയ്തു. സംഭാഷണങ്ങൾ ലൈവായി റിക്കാർഡ് ചെയ്തത് മറ്റൊരു പുതുമയായിരുന്നു. ദിലീഷ് പോത്തനെപ്പോലൊരു പെർഫക്ഷനിസ്റ്റിന്റെ സിനിമയിൽ മിക്ക രംഗങ്ങളിലും ആദ്യ ടേക്കിൽത്തന്നെ ഓക്കെയായത് ഏറെ സന്തോഷം നൽകി. അതിനാൽ 11 ദിവസം മാത്രമേ സർവീസിൽനിന്നും അവധിയെടുക്കേണ്ടിവന്നുള്ളൂ. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും കാമറയ്ക്കു മുന്നിലെത്തും'-സിബി പറയുന്നു. ഭാര്യ എലിസബത്തും മക്കളായ ഹെലൻ, കരോളിൻ, എഡ്വിൻ എന്നിവരും സിബിക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്. സിബി മാത്രമല്ല, വിവിധ സ്റ്റേഷനുകളിൽനിന്നുള്ള 23 പോലീസുകാർ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽനിന്ന് ഏഴു പേർക്കാണ് അവസരം ലഭിച്ചത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ ടി.വി. ഷീബ, രാജപുരം സ്റ്റേഷനിലെ ടി. സരള, തൃക്കരിപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെ ബാബുദാസ് കോടോത്ത്, എആർ ക്യാമ്പിലെ അശോകൻ കള്ളാർ, സജിത്ത് പടന്ന, മഞ്ചേശ്വരം സ്റ്റേഷനിലെ ശരാവതി എന്നിവരാണ് സിനിമയിലും പോലീസ് വേഷമണിഞ്ഞത്.