ആദായ നികുതി റിട്ടേണുകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി
- 10/06/2017

ന്യൂഡൽഹി: ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന രീതിയിലാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) പുതിയ പരിഷ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നിർദേശിച്ചുകൊണ്ട് സിബിഡിടി ഉത്തരവിറക്കി. പാൻ നന്പരുമായി ആധാർ നന്പർ നിർബന്ധമായും ബന്ധിപ്പിക്കണം. പാൻ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടൻ ഇൻകം ടാക്സ് അധികൃതരെ ആധാർ നന്പർ അറിയിക്കണമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നിർദേശത്തിൽ പറയുന്നു. ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞദിവസം ഭാഗിക സ്റ്റേ ചെയ്തിരുന്നു. ആധാർ എടുത്തിട്ടില്ലാത്തവർക്കും ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാം. ആധാർ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കുന്നതു വരെ ആധാർ നിർബന്ധമാക്കാനാവില്ലെന്ന ഉത്തരവ് നിലനിൽക്കുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ആധാർ കാർഡുള്ളവർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ എഴുതിച്ചേർത്തു. ഇതിനുപിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. സർക്കാരിന്റെ വിവിധ ക്ഷേമ, സബ്സിഡി പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയതു നിയമ വിധേയമാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം 2015 ഓഗസ്റ്റ് 11നു സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ആധാർ വ്യക്തികളുടെ സ്വകാര്യത (ഭരണഘടനയുടെ 21-ാം അനുച്ഛേദം) ലംഘിക്കുന്നുണ്ടോയെന്ന കാര്യത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കുന്നതു വരെ ആധാർ ഒൗദ്യോഗിക രേഖയായി പരിഗണിക്കാനാവില്ലെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.