ജി.സുധാകരനും കടകംപള്ളിക്കും ഫോണിലൂടെ ഭീഷണി
- 09/06/2017

തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി ജി.സുധാകരന് ഫോണിലൂടെ ഭീഷണി. ഇക്കഴിഞ്ഞ 5, 6 തിയതികളിൽ ഫോണിൽ വിളിച്ച് അജ്ഞാതൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിക്കാതിരുന്നതിനാൽ മന്ത്രി തള്ളിക്കളയുകയായിരുന്നു. ദേശീയതലത്തിൽ സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ അതിക്രമത്തിനുശേഷം മന്ത്രിയുടെ മൊബൈൽ ഫോണിലേക്ക് ഏഴിന് വർഗീയതയുടെ സ്വരങ്ങൾ ഉപയോഗിച്ച് വീണ്ടും ഭീഷണി സന്ദേശം വരുകയും മന്ത്രിമാരായ ജി.സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അവരുടെ അടുത്ത ലക്ഷ്യമെന്നും സന്ദേശത്തിലൂടെ സൂചിപ്പിക്കുകയും ചെയ്തു. ഒന്പതിനു വീണ്ടും മറ്റൊരു സന്ദേശം ലഭിച്ചു. ഇതേതുടർന്ന് മന്ത്രി പോലീസ് ഇന്റലിജൻസിൽ പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രിക്കും ഇതു സംബന്ധിച്ച് വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്.