വിഴിഞ്ഞം ജുഡീഷൽ അന്വേഷണം: നാലു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണം ::: ഉമ്മൻ ചാണ്ടി
- 07/06/2017

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാറുകളെ സംബന്ധിച്ച സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയിൽ നാലു വിഷയങ്ങൾകൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തു നല്കി. ഒന്ന്, 2010-ൽ വിഴിഞ്ഞം പദ്ധതിയുടെ ടെൻഡറിന്റെ അഡ്വൈസറായി ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനെ (ഐഎഫ്സി) നിയമിച്ച നടപടി ക്രമങ്ങളും ഐഎഫ്സിയുമായുള്ള കരാർ വ്യവസ്ഥകളും. രണ്ട്, ഐഎഫ്സി പദ്ധതിക്കുവേണ്ടി തയാറാക്കി സർക്കാർ അംഗീകരിച്ച റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിന് ഗുണകരമാണോ എന്ന കാര്യം. മൂന്ന്, ഐഎഫ്സി തയാറാക്കി 2011 ഏപ്രിൽ 12 നു സർക്കാർ അംഗീകരിച്ച് ബിഡ്ഡേഴ്സിനു നൽകിയ കരാറിലെ വ്യവസ്ഥകളും ടെൻഡർ നടപടി ക്രമങ്ങളും.നാല്, ഐഎഫ്സി നടത്തിയ ട്രാഫിക് സ്റ്റഡിയുടെ തുടർച്ചയായി 2014ൽ സർക്കാർ അംഗീകരിച്ച് നൽകിയിട്ടുള്ള ഇപ്പോഴത്തെ കരാർ വ്യവസ്ഥകളും, 2010ലെ സർക്കാർ അംഗീകരിച്ചിട്ടുള്ള കരാറിലെ വ്യവസ്ഥകളും തമ്മിലുള്ള താരതമ്യം എന്നീ നാലു കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച് സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായി മൂന്നംഗ കമ്മീഷനെ നിയമിച്ച നടപടിയും പദ്ധതിയുമായി മുമ്പോട്ടു പോകുമെന്ന തീരുമാനവും സ്വാഗതാർഹമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.