സിനിമയ്ക്കുള്ള വിനോദനികുതി ഒഴിവാക്കും: മന്ത്രി ഐസക്
- 07/06/2017

തിരുവനന്തപുരം: സംസ്ഥാനത്തു ചരക്കു സേവന നികുതി നടപ്പാക്കുമ്പോൾ സിനിമയ്ക്കു വിനോദ നികുതി ഒഴിവാക്കുമെന്നും സിനിമാ ടിക്കറ്റിനുമേൽ ഇരട്ടനികുതി ഈടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്. ഇതുമൂലം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും സിനിമാ പ്രവർത്തകരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി അറിയിച്ചു. സിനിമാ ടിക്കറ്റിനുമേൽ വിനോദനികുതി ഈടാക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. ജൂലൈയിൽ ചരക്കു സേവന നികുതി നിലവിൽ വരുമ്പോൾ വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ തുകയുടെ 15 ശതമാനം വീതം വർധിപ്പിച്ച് വർഷം തോറും സർക്കാർ നൽകും. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ തുക ആവശ്യപ്പെട്ടാൽ തീരുമാനം അഞ്ചാം ധനകാര്യകമ്മീഷന് വിടും. സിനിമ പരാജയപ്പെടുകയാണെങ്കിൽ ഉണ്ടാകുന്ന നികുതി ബാധ്യത അടയ്ക്കാനുള്ള സമയം നീട്ടി നൽകാമെന്നും മന്ത്രി പറഞ്ഞു. സിനിമയ്ക്കു മേൽ ചരക്കു സേവന നികുതിയും വിനോദ നികുതിയും ഒരുമിച്ച് ഈടാക്കരുതെന്ന ആവശ്യവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി, എം. മുകേഷ് എംഎൽഎ, നടൻ ദിലീപ്, മണിയൻപിള്ള രാജു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ഫിലിം ചേംബർ പ്രസിഡന്റ് ജി.പി. വിജയകുമാർ, നിർമാതാക്കളായ ജി. സുരേഷ്കുമാർ, എം.രഞ്ജിത്ത് തുടങ്ങിയവരാണു സെക്രട്ടേറിയറ്റിലെ ചേംബറിലെത്തി മന്ത്രിയെ കണ്ടു ചർച്ച നടത്തിയത്. കോർപറേഷൻ മേഖലയിൽ ടിക്കറ്റിന്റെ 25 ശതമാനമാണ് വിനോദനികുതി. മുനിസിപ്പാലിറ്റിയിൽ ഇത് 20 ശതമാനവും പഞ്ചായത്തിൽ 15 ശതമാനവുമാണ്. ജിഎസ്ടി വരുമ്പോൾ എല്ലായിടത്തും 28 ശതമാനമാകും നികുതി.