മൃതദേഹം വികൃതമാക്കി പാക് സൈന്യത്തിന്റെ കൊടുംക്രൂരത
- 24/11/2016

ശ്രീനഗർ: അതിർത്തിയിൽ പാക് സൈന്യത്തിന്റെ കൊടുംക്രൂരത. അതിർത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പിൽ വീരമൃത്യു വരിച്ച മൂന്ന് ഇന്ത്യൻ സൈനികരിൽ ഒരാളുടെ ജഡം പാക് സൈന്യം വികൃതമാക്കി. നിയന്ത്രണരേഖയിൽ മച്ചിൽ മേഖലയിലാണു പാക് സൈന്യത്തിന്റെ കൊടുംക്രൂരത. ഒക്ടോബർ 29നു ശേഷം രണ്ടാം തവണയാണു സൈനികന്റെ മൃതദേഹത്തിനു നേരേ പാക്കിസ്‌ഥാൻ അനാദരവ് കാണിക്കുന്നത്. രാജസ്‌ഥാൻകാരനായ പ്രഭു സിംഗ്(25), ഉത്തർപ്രദേശുകാരായ കെ. കുഷ്വാഹ്(31), ശശാങ്ക് കെ. സിംഗ് എന്നീ സൈനികരാണു കൊല്ലപ്പെട്ടത്. പ്രഭു സിംഗിന്റെ മൃതദേഹമാണു വികൃതമാക്കിയത്. പാക് ആക്രമണത്തിന് ഉചിതമായ തിരിച്ചടി നല്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്‌തമാക്കി. ബന്ദിപ്പോറയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരിൽനിന്നു രണ്ടായിരം രൂപയുടെ രണ്ടു നോട്ടുകൾ പിടിച്ചെടുത്തു. ബന്ദിപ്പോറയിലെ ഹാജിൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണു ഭീകരരെ കണ്ടെത്തിയത്. ഇവർ വെടിയുതിർത്തതോടെ സൈന്യം പ്രത്യാക്രമണം നടത്തി. രണ്ടു ഭീകരരെയും വധിക്കുകയും ചെയ്തു. വിശദമായ പരിശോധനയിലാണ് ഇവരിൽനിന്നു പതിനായിരം രൂപയോളം പിടിച്ചെടുത്തത്. ഇതിൽ ആയിരം രൂപയുടെ രണ്ടു നോട്ടുകളുണ്ടായിരുന്നു. അവശേഷിച്ചവ നൂറു രൂപ നോട്ടുകളും. ഭീകരർ കള്ളനോട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നു എന്നതുൾപ്പെടെയുള്ള ന്യായം നിരത്തിയാണു കേന്ദ്ര സർക്കാർ 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയത്. നോട്ട് റദ്ദാക്കി രണ്ടാഴ്ചയ്ക്കുശേഷമാണു ഭീകരരിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെടുക്കുന്നത്. ഇവ വിശദമായ അന്വേഷണത്തിനായി പോലീസിനു കൈമാറി.അതിർത്തിയിൽ വെടിവയ്പു നടക്കുന്നതിനിടെ പാക്കിസ്‌ഥാൻ ഭാഗത്തുനിന്നു നുഴഞ്ഞുകയറ്റശ്രമവും തകൃതിയായി അരങ്ങേറുകയാണ്. അന്താരാഷ്ട്രഅതിർത്തിയിലെ ആർഎസ് പുര മേഖലയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. മഞ്ഞിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു നുഴഞ്ഞുകയറ്റശ്രമമെന്നു ബിഎസ്എഫ് പറഞ്ഞു. അതിർത്തിയിലെ വേലി മറികടക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു ബിഎസ്എഫ് പ്രത്യാക്രമണം നടത്തുകയായിരുന്നു.