മദ്യശാലകൾ തുറക്കാനുള്ള നീക്കം : തെരഞ്ഞെടുപ്പു സഹായത്തിനുള്ള ഉപഹാരം-;;;; ചെന്നിത്തല
- 02/06/2017

തിരുവനന്തപുരം: സംസ്ഥാനത്തു പൂട്ടിയ മദ്യശാലകൾ തുറക്കാനുള്ള നീക്കം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യമുതലാളിമാർ ഇടതുപക്ഷത്തെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ മദ്യനയം പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ എടുത്ത നയമാണത്. ഈ നയം ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചതുമാണ്. ഇത്തരത്തിൽ പൊതുവേ അംഗീകരിക്കപ്പെട്ട മദ്യനയം തിരുത്താൻ ആരാണ് ആവശ്യപ്പെട്ടതെന്നു സർക്കാർ വ്യക്തമാക്കണമെന്നു ചെന്നിത്തല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം ജനറൽ സെക്രട്ടറി പ്രസ്താവിച്ചത് അടച്ചുപൂട്ടിയ ഒരു മദ്യഷാപ്പുപോലും തുറക്കില്ലെന്നാണ്. സീതാറാം യെച്ചൂരിയുടെ ആ നിലപാടാണോ സംസ്ഥാന സർക്കാരിന് ഇപ്പോൾ ഉള്ളതെന്നു വ്യക്തമാക്കണം. തെരഞ്ഞെടുപ്പിനു മുമ്പു ബാർ മുതലാളിമാരുമായി സിപിഎം കരാർ ഉറപ്പിച്ചിരുന്നുവെന്ന ചില വാർത്തകൾ വന്നിരുന്നു. തിരുവനന്തപുരത്ത് ഒരു സിപിഎം എംഎൽഎയുടെ വീട്ടിലാണ് ഇതു സംബന്ധിച്ചു മദ്യമുതലാളിമാരുമായി ചർച്ച നടത്തിയതെന്നും അന്നു സൂചനയുണ്ടായിരുന്നു. എൽഡിഎഫിനുവേണ്ടി കോടിക്കണക്കിനു രൂപ മദ്യലോബി ചെലവിട്ടിരുന്നു. അന്ന് അവർക്കു കൊടുത്ത വാഗ്ദാനമാണ് ഇപ്പോൾ ഇടതുസർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനത്തു ചേർത്തല മുതൽ തിരുവനന്തപുരം വരെയും കുറ്റിപ്പുറം മുതൽ കണ്ണൂർ വരെയും ഇപ്പോൾ ദേശീയ പാത ഇല്ലാതാക്കിയാണ് മദ്യഷാപ്പ് തുറക്കുന്നത്. സംസ്ഥാനത്ത് ആറു വരി ദേശീയ പാതയുണ്ടാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇനി എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കണം. മദ്യശാലകൾ സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങൾക്കു നല്കിയിരുന്ന അധികാരം ഇല്ലാതാക്കുന്ന സർക്കാർ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായമെന്നാൽ പൊതുജനാഭിപ്രായമാണ്. യുഡിഎഫ് സർക്കാർ നടപ്പാക്കിയ ജനാധിപത്യ പ്രക്രിയയാണ് ഇടതുപക്ഷം തകർത്തത്. എക്സൈസ് വകുപ്പ് തീരുമാനമെടുത്താൽ സംസ്ഥാനത്ത് എവിടെയും മദ്യശാലകൾ അനുവദിക്കാമെന്ന തീരുമാനം വൻ വിപത്താണ് ഉണ്ടാക്കുക. ജനങ്ങളിൽനിന്നു ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോടതിയിൽ മദ്യമുതലാളിമാർക്കുവേണ്ടി സർക്കാർ കേസ് തോറ്റുകൊടുക്കുന്നു. അപ്പീലുകൾ ഒന്നും നൽകാറുമില്ല. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കമാണു നടക്കുന്നത്. സിപിഎം പാലക്കാട് പ്ലീനത്തിൽ പറഞ്ഞത്, മദ്യപിക്കുന്നവർക്കു പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്നായിരുന്നു. അപ്പോൾ പാർട്ടിക്കാർ മദ്യപിക്കരുതെന്നും മറ്റുള്ളവർ മദ്യപിച്ചു മരിക്കട്ടെയെന്നുമാവും സിപിഎമ്മിന്റെ നിലപാടെന്നും ചെന്നിത്തല ആരോപിച്ചു. സ്വാശ്രയ എംബിബിഎസ് ഫീസ് നിയന്ത്രണമില്ലാതെ വർധിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണറെ പ്രതിഷേധമറിയിച്ചു തിരുവനന്തപുരം: മദ്യനയത്തിൽ മാറ്റം വരുത്തി കേരളത്തെ മദ്യാലയമാക്കാനുമുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ കണ്ടു പ്രതിഷേധമറിയിച്ചു. മദ്യനയം മാറ്റുന്നതിലൂടെ ഇടതുസർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമാണെന്ന് ജനങ്ങളിൽ നിന്നുയരുന്നതെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ ഗവർണറെ ധരിപ്പിച്ചു.