വിവാദങ്ങളുടെ പേരിൽ വിഴിഞ്ഞം ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി
- 02/06/2017

വിഴിഞ്ഞം: വിവാദങ്ങൾ വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബെര്‍ത്ത് നിര്‍മാണോദ്ഘാടനം മുല്ലൂരിലെ പദ്ധതിപ്രദേശത്ത് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അഴിമതിയുടെ ചില വിഷയങ്ങൾ സമൂഹം ചർച്ച ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങളക്കുറിച്ച് അന്വേഷിക്കാനായി കമ്മീഷനെ നിശ്ചയിച്ചു കഴിഞ്ഞു. ഇതിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ല. അഴിമതിയുടെ പഴുത് അടയ്ക്കും. അഴിമതിക്കെതിരായ അന്വേഷണവും നടപടികളും ഒരു വഴിക്കു നടക്കും. ലോകത്തെ പുതുതലമുറയിലെ ഏറ്റവും വലിയ ചരക്ക് കപ്പലിനും നങ്കൂരമിടാനുള്ള സൗകര്യമാണ് വിഴിഞ്ഞത്ത് യഥാർഥ്യമാകുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിക്കുള്ള പദ്ധതി രാജ്യത്തിനും മുതൽകൂട്ടാണ് . 2019 ൽ ആദ്യഘട്ടം പൂർത്തിയാകും എന്ന കരുതുന്നു. പദ്ധതിക്ക് കാലതാമസമുണ്ടാകില്ലെന്ന് നിർമാണ കമ്പനിയുടെ സിഇഒ കരൺ അദാനി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമാണത്തിന് പ്രദേശവാസികൾ നല്കിയ നിർലോഭമായ പിന്തുണയെ പ്രകീർത്തിച്ച മുഖ്യമന്ത്രി തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ ജോലിയടക്കമുള്ള കാര്യങ്ങളിൽ പ്രദേശവാസികൾക്കും അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. പുതിയ സർക്കാർ നിർമാണ പ്രവർത്തനങ്ങൾക്കു നല്കുന്ന പൂർണ പിന്തുണയ്ക്ക് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അദാനി പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ കരൺ അദാനി മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, എം.വിൻസെന്റ് എംഎൽഎ, മേയർ പി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വിഴിഞ്ഞം പോർട്ട് ഡയറക്ടർ സന്തോഷ് കുമാർ മഹാപാത്ര , വിസിൽ എംഡി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.