രാമജന്മഭൂമി വികസിപ്പിക്കും; 350 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് :ആദിത്യനാഥ്
- 31/05/2017

രാമജന്മഭൂമി വികസിപ്പിക്കും; 350 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി ലക്നോ: അയോധ്യ തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും. നമ്മൾ ഒന്നിച്ചുനിന്നാൽ ഇന്ത്യയുടെ ശത്രുക്കൾക്ക് നമ്മെ ഒരിക്കലും വേർപെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ തർക്കഭൂമിയിൽ സന്ദർശനം നടത്തിയ ശേഷം റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമജന്മഭൂമിയെന്ന നിലയിൽ മതപരമായ പ്രാധാന്യം കണക്കിലെടുത്ത് ബിജെപി സർക്കാർ അയോധ്യയെ വികസിപ്പിക്കും. മുൻ സർക്കാരുകൾ അയോധ്യയെ അവഗണിക്കുകയായിരുന്നു. അയോധ്യയിൽ സർക്കാർ 350 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രദേശത്ത് 24 മണിക്കൂറും വൈദ്യുതി നൽകും. അതിൽ ഒരുതരത്തിലുള്ള വിവേചനവും ഉണ്ടാവില്ലെന്നും ആദിത്യനാഥ് പറഞ്ഞു. രാമന്റെ ജന്മസ്ഥലം എന്നതിനാൽ പ്രദേശത്ത് എല്ലായിപ്പോഴും രാംലീല നടക്കുമെന്ന് ഉറപ്പ് നൽകുന്നതായും ആദിത്യനാഥ് പറഞ്ഞു. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ള ബിജെപി, വിഎച്ച്പി നേതാക്കൾക്കെതിരേ ലക്നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിച്ചത്. തർക്ക ഭൂമിയിലെ ക്ഷേത്രത്തിൽ അദ്ദേഹം പ്രത്യേക പ്രാർഥന നടത്തി.