തോട്ടം തൊഴിലാളികളുടെ സമരമുഖത്തു ആ ആദ്മി
- 21/05/2017

തോട്ടം തൊഴിലാളികളുടെ സമരങ്ങളെ ആംആദ്മി പിന്തുണയ്ക്കും: സി.ആർ. നീലകണ്ഠൻ മുക്കം: തൊഴിൽദാതാവിനാലും വ്യത്യസ്ത യൂണിയനുകളാലും അടിച്ചമർത്തപ്പെട്ട് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന കേരളത്തിലെ തോട്ടം തൊഴിലാളികളുടെ അവകാശ സമരങ്ങളെ ആംആദ്മി പാർട്ടി പിന്തുണയ്ക്കുമെന്ന് സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ. പെമ്പിളൈ ഒരുമൈ നേതാക്കൾക്ക് മുക്കത്ത് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ അരങ്ങേറുന്ന രാഷ്ട്രീയ ഗൂഢാലോചന ആം ആദ്മി പാർട്ടിയേയും അരവിന്ദ് കെജ്രിവാളിനെയും നശിപ്പിക്കാനാണെന്നും ബിജെപി ആം ആദ്മി പാർട്ടിയെ ഇത്ര ഭയപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎപി സംസ്ഥാന സമിതിയംഗം ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. പെമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോമതി എന്നിവരെ മുഹമ്മദ് അലി ചേന്നമംഗലൂർ, ജോസഫ് നെടുങ്ങനാൽ, എം.കെ ബാലകൃഷ്ണൻ എന്നിവർ പൊന്നാട അണിയിച്ചു. എഎപി വയനാട് പാർലമെന്റ് ഫിനാൻസ് കോഒാർഡിനേറ്റർ നാസർ സെഞ്ചുറി, സംസ്ഥാന സമിതി അംഗങ്ങളായ സൂസൻ ജോർജ്, സനോവർ, ജില്ലാ കൺവീനർ എസ്.എ അബൂബക്കർ, തിരുവമ്പാടി മണ്ഡലം നിരീക്ഷകൻ അഭിലാഷ് ദാസ്, നജീബ് കെ.ടി, മഹമൂദ് ചേന്നമംഗലൂർ, ശരീഫ് ചേന്നമംഗലൂർ എന്നിവർ പ്രസംഗിച്ചു.